അർമേനിയയിൽ സഭയ്ക്ക് നേരെ ഭരണകൂട വേട്ട; ആർച്ച് ബിഷപ്പിന് കോടതി ഇടപെടലിൽ മോചനം

അർമേനിയയിൽ സഭയ്ക്ക് നേരെ ഭരണകൂട വേട്ട; ആർച്ച് ബിഷപ്പിന് കോടതി ഇടപെടലിൽ മോചനം

യെറിവാൻ: അർമേനിയൻ അപ്പസ്‌തോലിക് സഭയ്ക്കെതിരെ ഭരണകൂടം നടത്തുന്ന അടിച്ചമർത്തൽ നടപടികൾക്കിടയിൽ ആർച്ച് ബിഷപ്പ് അർഷാക് കചാത്ര്യാന് ജയിൽ മോചനം. അപ്പീൽ കോടതിയുടെ നിർണായക ഇടപെടലിനെ തുടർന്ന് മൂന്ന് മാസത്തെ തടങ്കലിന് ശേഷമാണ് അദേഹം പുറത്തിറങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ കോടതി ഇടപെടലിലൂടെ മോചിതനാകുന്ന സഭയിലെ മൂന്നാമത്തെ ബിഷപ്പാണ് അർഷാക്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ആർച്ച് ബിഷപ്പിനെ സർക്കാർ ജയിലിലടച്ചത്. 2018 ൽ സഭാ വിരുദ്ധ പ്രക്ഷോഭകാരിക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ചുമത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ ഇതെല്ലാം സഭയെ തകർക്കാൻ സർക്കാർ കെട്ടിച്ചമച്ച കേസുകളാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടനകൾ ആരോപിക്കുന്നു.

സോവിയറ്റ് കാലഘട്ടത്തിലെ കൊടും ക്രൂരതകൾ നിറഞ്ഞ ലേബർ ക്യാമ്പുകൾക്ക് സമാനമായ സാഹചര്യത്തിലാണ് തന്നെ പാർപ്പിച്ചിരുന്നതെന്ന് പുറത്തിറങ്ങിയ ശേഷം ആർച്ച് ബിഷപ്പ് അർഷാക് കചാത്ര്യാൻ പ്രതികരിച്ചു. ജയിലറകൾക്കുള്ളിൽ തന്റെ നിലപാടുകൾ തിരുത്തിക്കാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും സഭാ തലവൻ കാതോലിക്കോസ് കരേകിൻ രണ്ടാമനോടുള്ള വിധേയത്വം തുടരുമെന്നും അദേഹം വ്യക്തമാക്കി.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അർമേനിയൻ സന്ദർശനത്തോടെ സഭ നേരിടുന്ന വെല്ലുവിളികൾ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. തുർക്കിയിൽ നിന്നും അസർബൈജാനിൽ നിന്നും കനത്ത ഭീഷണി നേരിടുന്ന അർമേനിയയെ ഒന്നിപ്പിച്ചു നിർത്തുന്ന പ്രധാന ശക്തി സഭയാണെന്നും അതിന്റെ സ്വയം ഭരണാധികാരം സംരക്ഷിക്കപ്പെടണമെന്നും ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി.

അതേസമയം സഭയിലെ മുതിർന്ന ആർച്ച് ബിഷപ്പായ ബഗ്രാത് ഗൽസ്താൻയാൻ ഇപ്പോഴും ജയിലിൽ തുടരുന്നത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.