മ്യൂണിക്ക്: യൂറോപ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും നേരെ വർധിച്ചു വരുന്ന അസഹിഷ്ണുതയും വിവേചനവും ശരിവെച്ച് പുതിയ റിപ്പോർട്ട് പുറത്ത്. 'ഒബ്സർവേറ്ററി ഓൺ ഇൻടോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗെയ്ൻസ്റ്റ് ക്രിസ്ത്യൻസ് ഇൻ യൂറോപ്പ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്രം 34 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിശ്വാസ ചിഹ്നങ്ങൾ തകർക്കൽ, ആരാധനാലയങ്ങൾ അശുദ്ധമാക്കൽ തുടങ്ങി വിശ്വാസികളെ നേരിട്ട് ആക്രമിക്കുന്ന സംഭവങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ 17 നശീകരണ കേസുകളും 11 തീവയ്പ്പ് സംഭവങ്ങളുമാണ് ഏറ്റവും ആശങ്കാജനകം. കൂടാതെ മൂന്ന് ദേവാലയങ്ങൾ അശുദ്ധമാക്കപ്പെടുകയും രണ്ട് മോഷണങ്ങളും ഒരു ശാരീരിക അക്രമവും രേഖപ്പെടുത്തിയിട്ടുണ്ട്.
അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ ഫ്രാൻസും ഇറ്റലിയുമാണ് പട്ടികയിൽ ഒന്നാമത്. ഇരു രാജ്യങ്ങളിലും ഏഴ് വീതം അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ജർമ്മനിയിൽ ആറും നെതർലാൻഡ്‌സിൽ മൂന്നും അക്രമങ്ങൾ നടന്നു. സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ രണ്ട് വീതവും പോളണ്ട്, ഗ്രീസ് എന്നിവിടങ്ങളിൽ ഓരോ സംഭവങ്ങളും രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയന് പുറത്ത് യുണൈറ്റഡ് കിങ്ഡത്തിൽ നാലും ബോസ്നിയ ഹെർസഗോവിനയിൽ ഒന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം.
ആരാധനാലയങ്ങൾ ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ഇതിൽ ഭൂരിഭാഗവും. ഫ്രാൻസിലെ ലോയിറെറ്റിൽ ഒരു ദേവാലയത്തിന്റെ അൾത്താര അഗ്നിക്കിരയാക്കാൻ ശ്രമം നടന്നു. നെതർലൻഡ്‌സിലെ ഈഡിൽ കേവലം അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് പള്ളികൾക്ക് നേരെയാണ് തീവയ്പ്പുണ്ടായത്. ഇവ യാദൃശ്ചികമല്ലെന്നും ബോധപൂർവം നടത്തിയ ആക്രമണങ്ങളാണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
യൂറോപ്പിലെ വിശ്വാസസ്വാതന്ത്ര്യത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ വിവിധ ക്രൈസ്തവ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസികൾക്ക് സുരക്ഷിതമായി ആരാധന നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.