'കോവിഡ് കാലത്തെപ്പോലെ പ്രതിസന്ധി ഒന്നിച്ച് തരണം ചെയ്യണം'; പശ്ചിമേഷ്യന്‍ യുദ്ധം ദീര്‍ഘകാല ആഘാതമെന്ന് പ്രധാനമന്ത്രി

'കോവിഡ് കാലത്തെപ്പോലെ പ്രതിസന്ധി ഒന്നിച്ച് തരണം ചെയ്യണം'; പശ്ചിമേഷ്യന്‍ യുദ്ധം ദീര്‍ഘകാല ആഘാതമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം ഏല്‍പിക്കുന്ന ആഘാതം ദീര്‍ഘകാലത്തേയ്ക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് കാലത്തെ പോലെ പ്രതിസന്ധി രാജ്യം ഒന്നിച്ച് തരണം ചെയ്യണമെന്നും പ്രധാന മന്ത്രി പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ലോക്സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദേഹം.

സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും ഒന്നിച്ച് നിന്നാല്‍ എല്ലാ വെല്ലുവിളികളും നേരിടാനാകും. ഇതാണ് നമ്മുടെ സ്വത്വവും ശക്തിയും. വ്യാജ വാര്‍ത്തകള്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവയ്ക്കെതിരെ ജാഗ്രത വേണമെന്നും അദേഹം പറഞ്ഞു.

വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി വിതരണത്തിന് മുന്‍ഗണനയുണ്ട്. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും സുഗമമായ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാന മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. വെല്ലുവിളി നിറഞ്ഞ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്ക് വന്‍തോതില്‍ അസംസ്‌കൃത എണ്ണ, വാതകം, വളങ്ങള്‍, മറ്റ് അവശ്യവസ്തുക്കളും എത്തേണ്ടത്.

ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുരക്ഷയ്ക്ക് ആഗോള ഇടപെടല്‍ നടത്തുന്നുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു. 11 വര്‍ഷത്തിനിടെ 41 രാജ്യങ്ങളില്‍ നിന്ന് ഇന്ധന ഇറക്കുമതി ഉറപ്പാക്കിയത് വെല്ലുവിളി നേരിടാന്‍ സഹായിച്ചു. അതേപോലെ ഇന്ത്യയ്ക്ക് 53 ലക്ഷം മെട്രിക് ടണ്ണിലധികം പെട്രോളിയം കരുതല്‍ ശേഖരമുണ്ട്. 65 ലക്ഷം മെട്രിക് ടണ്ണിലധികം പുതിയ കരുതല്‍ ശേഖരം ഒരുക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. പെട്രോളില്‍ എത്തനോള്‍ ചേര്‍ക്കല്‍, റെയില്‍വേ വൈദ്യുതീകരണം, മെട്രോ, ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം എന്നിവ ഊര്‍ജ്ജ പ്രതിസന്ധി കുറച്ചെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.