പാകിസ്ഥാന്‍ ബന്ധമുള്ള വന്‍ ചാരശൃംഖല; യുപിയില്‍ 22 പേര്‍ അറസ്റ്റില്‍; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സിസി ടിവി സ്ഥാപിച്ച് ചാരവൃത്തി

പാകിസ്ഥാന്‍ ബന്ധമുള്ള വന്‍ ചാരശൃംഖല; യുപിയില്‍  22 പേര്‍ അറസ്റ്റില്‍; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സിസി ടിവി സ്ഥാപിച്ച് ചാരവൃത്തി

രാജ്യവ്യാപക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് പാകിസ്ഥാന്‍ ബന്ധമുള്ള വന്‍ ചാരശൃംഖലയെ പിടികൂടി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേര്‍ അറസ്റ്റിലായി.

ലാലു എന്ന നൗഷാദ് അലിയാണ് ചാരശൃംഖലയുടെ മുഖ്യ സൂത്രധാരന്‍. ഫരീദാബാദില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഒരു പെട്രോള്‍ പമ്പിന് സമീപം പഞ്ചര്‍ ഒട്ടിക്കുന്ന കടയുടെ മറവിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.

സാങ്കേതിക വിദ്യയില്‍ അറിവുള്ള യുവാക്കളെ ചാര പ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നതില്‍ നൗഷാദ് അലി പ്രധാന പങ്കുവഹിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൊബൈല്‍ റിപ്പയറിങ്്, സിസിടിവി ഇന്‍സ്റ്റലേഷന്‍, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെയാണ് ഇയാള്‍ സംഘത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്.

റെയില്‍വേ സ്റ്റേഷനുകള്‍, സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിങ് ആപ്പുകള്‍ വഴി പാകിസ്ഥാനിലെ കൈമാറുകയായിരുന്നു ഇവരുടെ പ്രധാന രീതി. ഓരോ ചിത്രത്തിനും വീഡിയോയ്ക്കും നിശ്ചിത തുക പ്രതിഫലമായി നല്‍കിയിരുന്നു.

സംശയം ഒഴിവാക്കാന്‍ സ്ത്രീകളെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 14 ന് സോഹൈല്‍ മാലിക്, സനെ ഇറം എന്നിവരുള്‍പ്പെടെയുള്ള ആറ് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വന്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

ഉത്തര്‍പ്രദേശിലെ ഭോവാപൂരില്‍ കുറച്ച് യുവാക്കള്‍ സ്വന്തമായി സിസിടിവി സ്ഥാപിച്ച് റെയില്‍വേ സ്റ്റേഷനുകളുടെയും സൈനിക താവളങ്ങളുടെയും ചിത്രങ്ങളും വിഡിയോകളും എടുത്ത് വിദേശത്തേക്ക് അയയ്ക്കുന്നു എന്ന വിവരം ലഭിച്ചതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള സിസിടിവി ശൃംഖലകളും സ്വന്തമായി സ്ഥാപിച്ച കാമറകളും ഉപയോഗിച്ച് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലും യുപിയിലും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം സിസി ടിവികള്‍ സ്ഥാപിച്ചു. ഡല്‍ഹി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിസി ടിവി കണ്ടെത്തി.

ഇതേതുടര്‍ന്ന് രാജ്യവ്യാപക പരിശോധനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്യപ്പെട്ടതും അല്ലാത്തതുമായ സിസി ടിവി ശൃംഖലകള്‍ പരിശോധിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഡല്‍ഹി, സോണിപത് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അതിന്റെ തത്സമയ ദൃശ്യങ്ങള്‍ പാകിസ്ഥാനിലേക്ക് എത്തിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ വിവരങ്ങളും നിരീക്ഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

ഡല്‍ഹി മുതല്‍ കാശ്മീര്‍ വരെയുള്ള വിവിധയിടങ്ങളിലേക്ക് ഈ ശൃംഖല വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുമുണ്ടായിരുന്നു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.