ബംഗളുരു: കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാനുള്ള കര്‍ണാടക ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ 2026 നിയമസഭ പാസാക്കി. ബിജെപിയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് തിങ്കളാഴ്ച ഈ നിര്‍ണായക ബില്‍ സഭ പാസാക്കിയത്.
വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടുവെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഇവിഎമ്മുകള്‍ ഒരു ബ്ലാക്ക് ബോക്‌സ് പോലെയാണെന്നും എന്നാല്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ എളുപ്പമാണെന്നും അദേഹം പറഞ്ഞു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇപ്പോഴും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപി ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇത് സംസ്ഥാനത്തെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക പറഞ്ഞു.
ബില്ലിനെ എതിര്‍ത്ത ആര്‍. അശോക സഭയില്‍ വെച്ച് ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ കുമാറിന്റെ ആരോപണം.
സാങ്കേതിക വിദ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന കര്‍ണാടകക്ക് ഈ മാറ്റം അനുയോജ്യമല്ലെന്ന വാദത്തെ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദ് എതിര്‍ത്തു. ലോകത്തെ പല വികസിത രാജ്യങ്ങളും ഇപ്പോഴും ബാലറ്റ് പേപ്പറാണ് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നതെന്നും അദേഹം ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.