അടയുമോ 'കണ്ണീരിന്റെ കവാടം'?.. സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ ബാബ് അല്‍ മന്ദബ് കടലിടുക്കും തടയുമെന്ന് ഇറാന്റെ ഭീഷണി; ആഗോള വിപണിയില്‍ ആശങ്ക

അടയുമോ 'കണ്ണീരിന്റെ കവാടം'?.. സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ ബാബ് അല്‍ മന്ദബ് കടലിടുക്കും തടയുമെന്ന്  ഇറാന്റെ ഭീഷണി; ആഗോള വിപണിയില്‍ ആശങ്ക

ടെഹ്റാന്‍: അമേരിക്കയും ഇസ്രയേലും സൈനിക സമ്മര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടുത്തിയാല്‍ സൂയസ് കനാലിലേക്കുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ബാബ് അല്‍ മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാന്റെ പുതിയ ഭീഷണി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനാലുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബാബ് അല്‍ മന്ദബ് അഥവാ മന്ദബ് കടലിടുക്ക്. അറബിക് ഭാഷയില്‍ ഇതിന്റെ അര്‍ത്ഥം 'കണ്ണീരിന്റെ കവാടം' (Gate of Tears) എന്നാണ്. അപകടം പിടിച്ച നാവിക പാതയായതിനാലാണ് ഈ പേര് വന്നത്.

ലോകത്തിലെ നാലാമത്തെ വലിയ ഷിപ്പിങ് റൂട്ടായ ബാബ് അല്‍ മന്ദബ് വഴിയാണ് ആഗോള തലത്തില്‍ കടല്‍മാര്‍ഗം കൊണ്ടുപോകുന്ന അസംസ്‌കൃത എണ്ണയുടെ 12 ശതമാനവും എല്‍എന്‍ജി വ്യാപാരത്തിന്റെ എട്ട് ശതമാനവും കടന്നു പോകുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്ക് സ്വാധീനമുള്ള യമന് തെക്കുപടിഞ്ഞാറായാണ് ഈ പാത സ്ഥിതി ചെയ്യുന്നത്.

മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് സൂയസ് കനാല്‍ വഴി ചെങ്കടലില്‍ പ്രവേശിക്കുന്ന കപ്പലുകള്‍ ഈ കടലിടുക്ക് കടന്നു വേണം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും മറ്റും വരുന്ന കപ്പലുകള്‍ക്ക് സൂയസ് കനാല്‍ കടക്കണമെങ്കില്‍ ബാബ് അല്‍ മന്ദാബ് വഴി കടന്നുപോയേ തീരൂ.

ഇത് തടസപ്പെട്ടാല്‍ സൂയസ് കനാല്‍ കടന്നു വരുന്ന കപ്പലുകള്‍ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാനാകാതെ വരും. ഇത് നിരവധി രാജ്യങ്ങളെ നേരിട്ട് ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും യൂറോപ്പിലേക്കും അമേരിക്കയിലേക്കും എത്തുന്നതും ഇതുവഴിയാണ്.

പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ ഇതിലൂടെ കടന്നു പോകുന്നു. ഈ പാത തടസപ്പെട്ടാല്‍ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരും. ഈ സുപ്രധാന മേഖലയില്‍ ശക്തമായ ഭീഷണി ഉയര്‍ത്താന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

യെമനിലെ ഹൂതി വിമതരെ ഉപയോഗിച്ച് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഇറാന്‍ മടിച്ചേക്കില്ല. മുമ്പും ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസാ യുദ്ധ സമയത്ത് ഹൂതികള്‍ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുത്താന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹോര്‍മുസിന് പുറമെ ഈ കടലിടുക്കിലും തടസപ്പെട്ടാല്‍ ലോക വിപണി തന്നെ തകിടം മറിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.