മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; എണ്ണ വിലയും പ്രവാസികളുടെ സുരക്ഷയും ചര്‍ച്ചയാകും

 മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; എണ്ണ വിലയും പ്രവാസികളുടെ സുരക്ഷയും ചര്‍ച്ചയാകും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ അടിയന്തര സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. യുദ്ധം ഇന്ത്യയുടെ സാമ്പത്തിക മേഖലയിലുണ്ടാക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളും വിദേശത്തുള്ള ലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ സുരക്ഷയുമാണ് യോഗത്തിലെ പ്രധാന അജണ്ട.

യുദ്ധ സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് ആഭ്യന്തര വിപണിയെയും പണപ്പെരുപ്പത്തെയും എങ്ങനെ ബാധിക്കുമെന്നത് ഗൗരവമായി ചര്‍ച്ച ചെയ്യും. സംഘര്‍ഷ മേഖലകളില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ അവരെ നാട്ടിലെത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി വിലയിരുത്തും. പ്രവാസികളെ തിരിച്ചെത്തിക്കുന്ന നടപടികളില്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണമായ സഹകരണവും ഏകോപനവും പ്രധാനമന്ത്രി തേടും.

നിലവില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോരും ഇസ്രയേലിലെ മിസൈല്‍ ആക്രമണങ്ങളും മേഖലയെ കടുത്ത അസ്ഥിരതയിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്വീകരിക്കേണ്ട നയതന്ത്രപരമായ നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.