ഏപ്രില്‍ 10 ന് പസഫിക് സമുദ്രത്തില്‍ സുരക്ഷിത ലാന്‍ഡിങ്
ഫ്‌ളോറിഡ: ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് നാസയുടെ ആര്‍ട്ടമിസ് 2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:06 നായിരുന്നു വിക്ഷേപണം. ചന്ദ്രനെ വലം വെച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയില്‍ തിരിച്ചെത്തും.
റീഡ് വൈസ്മാന്‍ (ദൗത്യ കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (പൈലറ്റ്), ക്രിസ്റ്റീന കോക്ക് (മിഷന്‍ സ്പെഷ്യലിസ്റ്റ്), ജെറമിയ ഹാന്‍സെണ്‍ (കനേഡിയന്‍ സ്പേസ് ഏജന്‍സി-മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് ആര്‍ട്ടെമിസ് 2 ദൗത്യ സംഘത്തിലെ അംഗങ്ങള്‍. ഈ നാല് പേര്‍ക്കും പുറമെ 'റൈസ്' എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ പാവയും പേടകത്തിലുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത ലോകമെമ്പാടുമുള്ള 56 ലക്ഷം മനുഷ്യരുടെ പേരുകള്‍ അടങ്ങിയ ഒരു മെമ്മറി കാര്‍ഡും ഈ പാവയ്ക്കുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നത് ദൗത്യത്തിന് വൈകാരികമായൊരു തലം കൂടി നല്‍കുന്നു.
1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടമിസ് 2 അംഗങ്ങളെയും വഹിച്ച് 10 ദിവസം കൊണ്ട് ചന്ദ്രനെ വലം വെച്ച് ഭൂമിയിലേക്ക് തിരിച്ച് വരികയാണ് ചെയ്യുന്നത്.
ഈ ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ പിറക്കുകയാണ്. ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിതയായി നാസയുടെ ക്രിസ്റ്റീന കോച്ച് മാറി. കൂടാതെ മനുഷ്യരുമായി ഒരു ബഹിരാകാശ യാനം ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് ഓറിയോണ്‍ പേടകം കടന്ന് ചെല്ലും. വിക്ഷേപണത്തിന് ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളില്‍ പേടകം ഭൂമിയെ രണ്ട് തവണ വലം വെയ്ക്കും. തുടര്‍ന്ന് ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന പേടകം ഏപ്രില്‍ ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തും.
പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പരീക്ഷണ പറക്കലില്‍ 22 ലക്ഷം കിലോ മീറ്റര്‍ സംഘം സഞ്ചരിക്കും. യാത്രാ സംഘം ഓറിയോണ്‍ പേടകത്തിലെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ മനുഷ്യര്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്എല്‍എസിന്റെ ആദ്യ ക്രൂഡ് ലോഞ്ചാണിത്. ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍ പേടകം നേരിടുന്ന അമിതമായ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയും പരിശോധിക്കപ്പെടും.
ചന്ദ്രനെ ഒരു തവണ വലംവെച്ച ശേഷം സംഘം മടക്കയാത്ര ആരംഭിക്കും. ഏപ്രില്‍ 10 ന് പസഫിക് സമുദ്രത്തില്‍ പേടകം സുരക്ഷിതമായി ഇറങ്ങുന്നതോടെ ദൗത്യം പൂര്‍ത്തിയാകും.
ആര്‍ട്ടമിസ് പദ്ധതിയിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം ആര്‍ട്ടമിസ് 3 ആണ്. ആര്‍ട്ടമിസ് 2 വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കുന്ന ദൗത്യമാണിത്. 1972 ന് ശേഷം ആദ്യമായി മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തുന്നത് ഈ ദൗത്യത്തിലൂടെയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.