ചന്ദ്രനിലേക്ക് അടുക്കുന്നു: ആര്‍ട്ടമിസ് 2 ഭൂമിയുടെ ഭ്രമണപഥം വിട്ടതായി നാസ

ചന്ദ്രനിലേക്ക് അടുക്കുന്നു: ആര്‍ട്ടമിസ് 2 ഭൂമിയുടെ ഭ്രമണപഥം വിട്ടതായി നാസ

വാഷിങ്ടണ്‍: ആര്‍ട്ടമിസ് 2 ദൗത്യത്തിന്റെ ഭാഗമായ ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് അടുക്കുന്നതായി നാസ. ഓറിയോണ്‍ പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയെന്നും ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായും നാസ വ്യക്തമാക്കി.

നാസയുടെ റീഡ് വൈസ്മാന്‍ (ദൗത്യ കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോക്ക് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറമിയ ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് ആര്‍ട്ടമിസ് 2 ദൗത്യം നയിക്കുന്നത്. ചന്ദ്രന്റെ പരിസരത്തേയ്ക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോക്ക് മാറി. ഹാന്‍സന്‍ ചാന്ദ്ര ദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.

ഭാവി ആര്‍ട്ടമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.

തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തിന് സംഘം തിരിച്ചെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.