തൂത്തുക്കുടി കസ്റ്റഡി മരണം; ഒമ്പത് പൊലീസുകാര്‍ക്ക് വധ ശിക്ഷ

തൂത്തുക്കുടി കസ്റ്റഡി മരണം; ഒമ്പത് പൊലീസുകാര്‍ക്ക് വധ ശിക്ഷ

മധുര: തൂത്തുക്കുടിയിലെ വ്യാപാരി പി. ജയരാജിന്റെയും മകന്‍ ജെ. ബെനിക്‌സിന്റെയും കസ്റ്റഡി മരണത്തില്‍ ഒമ്പത് പൊലീസുകാര്‍ക്ക് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. തമിഴ്‌നാട് പൊലീസിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറിയ കേസില്‍ സിബിഐ ആണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 2020 ജൂണ്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നുവെന്നാരോപിച്ച് ജയരാജിനെയും മകന്‍ ബെനിക്‌സിനെയും സാത്താന്‍കുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും രാത്രി മുഴുവന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി.

ജൂണ്‍ 22, 23 തിയതികളിലായി ഇരുവരും കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ ഏറ്റെടുത്ത കേസിലാണ് നിര്‍ണായക വിധി വന്നിരിക്കുന്നത്.

ക്രൂരമായ മര്‍ദനത്തിന് ഇരയായ അച്ഛനും മകനും മൂന്നാം ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ആദ്യം മരിച്ചത് ജയരാജനാണ്, പിന്നാലെ ബെനിക്സണും മരണത്തിന് കീഴടങ്ങി. കേസില്‍ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു. ബാക്കി ഒമ്പത് പ്രതികള്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്.

ഇന്‍സ്പെക്ടര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടക്കമാണ് ഒമ്പത് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. രാത്രി മുഴുവന്‍ ഇരുവരെയും ക്രൂരമായി മര്‍ദിച്ചെന്നും സ്റ്റേഷനിലെ ലാത്തികളിലും മേശകളിലും രക്തക്കറ കണ്ടിരുന്നതായും ഒരു വനിതാ കോണ്‍സ്റ്റബിള്‍ നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

അന്വേഷണം തടസപ്പെടുത്താന്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ മനപൂര്‍വം നീക്കം ചെയ്തതായും സിബിഐ കണ്ടെത്തിയിരുന്നു. ദിവസേനയുള്ള ദൃശ്യങ്ങള്‍ താനേ മാഞ്ഞുപോകുന്ന രീതിയില്‍ ക്രമീകരിച്ചെന്നായിരുന്നു പൊലീസുകാരായ പ്രതികളുടെ വാദമെങ്കിലും പിന്നീട് ഗൂഢാലോചന നടന്നതായി തെളിയുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.