ഭൂമിയുടെ മഹത്വം വിളിച്ചോതി ആർട്ടെമിസ് 2: ബഹിരാകാശത്തു നിന്ന് ബൈബിൾ വചനങ്ങൾ ഓർമ്മിപ്പിച്ച് ഈസ്റ്റർ ആശംസകൾ നേർന്ന നാസ യാത്രികർ

ഭൂമിയുടെ മഹത്വം വിളിച്ചോതി ആർട്ടെമിസ് 2: ബഹിരാകാശത്തു നിന്ന് ബൈബിൾ വചനങ്ങൾ ഓർമ്മിപ്പിച്ച് ഈസ്റ്റർ ആശംസകൾ നേർന്ന നാസ യാത്രികർ

വാഷിങ്ടൺ: ചന്ദ്രനിലേക്കുള്ള ചരിത്രപരമായ ദൗത്യത്തിനിടയിൽ ഭൂമിയിലുള്ളവർക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് നാസയുടെ ആർട്ടെമിസ് 2 ബഹിരാകാശ യാത്രാസംഘം. പ്രപഞ്ചത്തിലെ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചും ഭൂമിയുടെ അതുല്യതയെക്കുറിച്ചും ബൈബിളിനെ പരാമർശിച്ചുകൊണ്ട് ഹൃദയസ്പർശിയായ സന്ദേശമാണ് ക്രൂ അംഗങ്ങൾ പങ്കുവെച്ചത്.

വിജനമായ പ്രപഞ്ചത്തിൽ മനുഷ്യരാശിക്കായി ഒരുക്കപ്പെട്ട മനോഹരമായ ഒരു തുരുത്താണ് ഭൂമിയെന്ന് പൈലറ്റ് വിക്ടർ ഗ്ലോവർ തന്റെ ഈസ്റ്റർ സന്ദേശത്തിൽ വിശേഷിപ്പിച്ചു. വിവിധ വിശ്വാസങ്ങൾ പുലർത്തുന്നവർ ഒരുമിച്ച് മുന്നോട്ട് പോകേണ്ടവരാണെന്ന് ഓർമ്മിപ്പിക്കാനുള്ള അവസരമാണ് ഈസ്റ്ററെന്നും അദേഹം കൂട്ടിച്ചേർത്തു. യേശു പഠിപ്പിച്ചത് സ്നേഹത്തെക്കുറിച്ചുള്ള ലളിതമായ സത്യങ്ങളാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് മിഷൻ സ്പെഷ്യലിസ്റ്റ് ജെറമി ഹാൻസൺ ആശംസകൾ നേർന്നത്.

ഗൗരവമേറിയ സന്ദേശങ്ങൾക്കൊപ്പം പേടകത്തിനുള്ളിലെ രസകരമായ ആഘോഷങ്ങളും സംഘം പങ്കുവെച്ചു. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പേടകത്തിനുള്ളിൽ 'ഈസ്റ്റർ മുട്ടകൾ' ഒളിപ്പിച്ചു വെച്ച് തങ്ങളും ആഘോഷത്തിൽ പങ്കുചേർന്നതായി ക്രിസ്റ്റീന കോക്ക് പറഞ്ഞു. എന്നാൽ ഇവ സാധാരണ മുട്ടകളല്ലെന്നും ബഹിരാകാശ യാത്രയ്ക്കായി പ്രത്യേകമായി നിർജ്ജലീകരണം ചെയ്തവയാണെന്നും അവർ വ്യക്തമാക്കി.

1972 ന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ നിർണ്ണായക ദൗത്യമാണ് ആർട്ടെമിസ് 2. നാല് ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താനാണ് ഈ മിഷൻ ലക്ഷ്യമിടുന്നത്. ഭാവിയിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്ന ദൗത്യങ്ങൾക്ക് ഇത് അടിത്തറ പാകും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൺ എന്നിവരാണ് ഈ ചരിത്ര യാത്രയിലെ അംഗങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.