ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്'; 'പോ മോനേ വിജയാ' എന്ന രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി

ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്'; 'പോ മോനേ വിജയാ' എന്ന രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിനെതിരേ  മുഖ്യമന്ത്രി

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'പോ മോനേ വിജയാ' എന്ന വിമര്‍ശനത്തിന് കടുത്ത ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

രേവന്ത് റെഡ്ഡിയ്ക്ക് വിശദമായ മറുപടി പറയുന്നുണ്ടെന്നും തല്‍ക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 'പോ മോനേ വിജയാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അടുത്തിടെ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

'അദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദേഹത്തിന്റെ ഈ ഇടപെടല്‍ വന്നിട്ടുള്ളതെന്ന് അദേഹം തന്നെ സ്വയം ചിന്തിക്കട്ടെ.

ഏതായാലും രേവന്ത് റെഡ്ഡി പരസ്യമായി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഞാന്‍ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോള്‍ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്' എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ'- മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തിന്റെ അവസാന ഭാഗത്തും 'പോ മോനെ വിജയാ' എന്ന വിളി അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരങ്ങള്‍ക്കായി കേരളത്തിലെത്തിയ രേവന്ത് റെഡ്ഡി തെലങ്കാനയില്‍ വന്നാല്‍ താങ്കള്‍ക്ക് അവിടെ നടന്ന വികസനങ്ങള്‍ നേരില്‍ക്കാണാമെന്ന് പറഞ്ഞ് പിണറായി വിജയന് വിമാന ടിക്കറ്റ് അയച്ചുതരാമെന്ന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പ്രകടന പത്രികയില്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും തെലങ്കാനയില്‍ കോണ്‍ഗ്രസ് നടപ്പാക്കിയെന്നായിരുന്നു യുഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ രേവന്ത് റെഡ്ഡി പറഞ്ഞത്.

ഇതിന് മറുപടിയായി ശമ്പളവും പെന്‍ഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാന്‍ ഇല്ലെന്ന് പിണറായി തിരിച്ചടിച്ചിരുന്നു. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുവെന്നും അദേഹം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.