ആവേശം പെയ്തിറങ്ങി: കേരളം ഇനി നിശബ്ദ പ്രചാരണത്തിലേയ്ക്ക്; വിധിയെഴുത്ത് മറ്റന്നാള്‍

ആവേശം പെയ്തിറങ്ങി: കേരളം ഇനി നിശബ്ദ പ്രചാരണത്തിലേയ്ക്ക്; വിധിയെഴുത്ത് മറ്റന്നാള്‍

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന വാശിയേറിയ പരസ്യ പ്രചാരണത്തിന് സംസ്ഥാനത്ത് ആവേശകരമായ സമാപ്തി. ഇനി വോട്ടര്‍മാരുടെ മനസ് തേടിയുള്ള നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്.

നാടും നഗരവും രാഷ്ട്രീയ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ ഇന്ന് വൈകുന്നേരം ആറോടെയാണ് പരസ്യ പ്രചാരണത്തിന് തിരശീല വീണത്. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമായി മുന്നണികള്‍ കൊട്ടിക്കലാശം പൂരപ്പറമ്പാക്കി മാറ്റി. ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അണിനിരന്ന റാലികള്‍ ശക്തി പ്രകടമായി മാറി. തിരുവനന്തപുരം മണ്ഡലത്തിലെ പേരൂര്‍ക്കടയിലായിരുന്നു ഇക്കുറിയും ഏറ്റവും വാശിയേറിയ കൊട്ടിക്കലാശം നടന്നത്. പ്രധാന മൂന്ന് സ്ഥാനാര്‍ത്ഥികളും ക്രെയിനിലേറിയാണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.

പരസ്യ പ്രചാരണം അവസാനിച്ചതോടെ പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടു പോകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്.

ഏകദേശം 2.71 കോടി വോട്ടര്‍മാരാണ് ഇക്കുറി കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നത്. മറ്റന്നാള്‍ രാവിലെ മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കണമെന്ന് ജനങ്ങള്‍ ഈ പോളിങ് ബൂത്തുകളില്‍ തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.