ബാഗ്ദാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും മൂലം പൊറുതി മുട്ടി രാജ്യത്തു നിന്ന് പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങളെ തിരികെ എത്തിക്കുന്നതിനായി ഇറാഖ് സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ഇറാഖിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ഓഗസ്റ്റില്‍ യോഗം ചേരും.
ഇറാഖിലെ പുതിയ കല്‍ദായ കത്തോലിക്ക പാത്രിയര്‍ക്കീസ് പോള്‍ മൂന്നാമന്‍ നോനയും പ്രധാനമന്ത്രി അലി അല്‍ സെയ്ദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ നീക്കം.
ഓഗസ്റ്റില്‍ അങ്കാവയില്‍ നടക്കുന്ന 'അസംബ്ലി ഓഫ് ദി കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇറാഖ്' യോഗത്തിലാണ് ഈ പദ്ധതി കത്തോലിക്കാ സഭ വിശദമായി വിലയിരുത്തുകയെന്ന് എര്‍ബില്‍ ആര്‍ച്ച് ബിഷപ്പ് ബഷാര്‍ വര്‍ദ വ്യക്തമാക്കി. ക്രൈസ്തവരുടെ തിരിച്ചുവരവ് ദേശീയ മുന്‍ഗണനയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി അലി അല്‍ സെയ്ദി, സര്‍ക്കാരിന്റെ 'ഒരു ദശലക്ഷം റെസിഡന്‍ഷ്യല്‍ പ്ലോട്ട്' പദ്ധതിയില്‍ ഇവര്‍ക്ക് ഭൂമിയും മറ്റ് താമസ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രവാസികളായ ക്രൈസ്തവര്‍ തിരികെ എത്തി രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപം നടത്തണമെന്നും ഇറാഖ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. 2000 ല്‍ 15 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ 2003 ലെഅമേരിക്കന്‍ അധിനിവേശത്തിനും ഐ.എസ് ഭീകരരുടെ ആക്രമണങ്ങള്‍ക്കും ശേഷം 80 ശതമാനത്തോളം ഇടിഞ്ഞ് നിലവില്‍ മൂന്നു ലക്ഷത്തില്‍ താഴെയായി ചുരുങ്ങി.
ഇറാഖിന്റെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം വീണ്ടെടുക്കാന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ തിരിച്ചുവരവ് അത്യാവശ്യമാണെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ഇറാഖ് ഭരണകൂടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.