അഭയാര്‍ഥി നയത്തില്‍ കടുപ്പിച്ച് ഇറ്റലി: സ്‌പെയിനിന്റെ ഷെങ്കന്‍ അംഗത്വം റദ്ദാക്കാന്‍ നീക്കം

അഭയാര്‍ഥി നയത്തില്‍ കടുപ്പിച്ച് ഇറ്റലി: സ്‌പെയിനിന്റെ ഷെങ്കന്‍ അംഗത്വം റദ്ദാക്കാന്‍ നീക്കം

റോം: വടക്കേ ആഫ്രിക്കന്‍ അതിര്‍ത്തി വഴി സ്‌പെയിനിലേക്ക് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ അനായാസം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നു. അതിര്‍ത്തി കടന്നുള്ള അഭയാര്‍ഥി പ്രതിസന്ധി തടയുന്നതില്‍ പരാജയപ്പെട്ട സ്‌പെയിനുമായുള്ള ഷെങ്കന്‍ സ്വതന്ത്ര സഞ്ചാര കരാര്‍ റദ്ദാക്കുമെന്നും അതിര്‍ത്തികളില്‍ കര്‍ശന പാസ്പോര്‍ട്ട് പരിശോധന പുനസ്ഥാപിക്കുമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മുന്നറിയിപ്പ് നല്‍കി.

മൊറോക്കോയുമായി അതിര്‍ത്തി പങ്കിടുന്ന സ്‌പെയിനിന്റെ സെവുത മേഖല വഴി വന്‍തോതില്‍ അഭയാര്‍ഥികള്‍ കടന്നുകയറിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറ്റലി കടുത്ത നിലപാടിലേക്ക് കടന്നത്. ഒരു രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയിലുണ്ടാകുന്ന ഗുരുതര വീഴ്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര ഭദ്രതയെ പൂര്‍ണമായും അപകടത്തിലാക്കുമെന്ന് ഇറ്റലി ചൂണ്ടിക്കാട്ടുന്നു. 29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ കൂട്ടായ്മയില്‍ ഒരു രാജ്യത്ത് പ്രവേശിക്കുന്ന കുടിയേറ്റക്കാരന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാനാകും.

അഞ്ച് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പൗരത്വം നല്‍കാനുള്ള സ്‌പെയിനിന്റെ നീക്കം മനുഷ്യക്കടത്തുകാര്‍ക്ക് പ്രോത്സാഹനമാകുകയാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ആന്റോണിയോ തയാനിയും ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയും കുറ്റപ്പെടുത്തി. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന രാജ്യങ്ങള്‍ക്ക് ഷെങ്കന്‍ കരാറില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഫിന്‍ലന്‍ഡ് ആഭ്യന്തര മന്ത്രി മാരി രന്താനനും ഇറ്റലിയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇറ്റലിയുടെ വന്‍ വിമര്‍ശനങ്ങളെ സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് ലൂയിസ് അല്‍ബാരസ് പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇറ്റാലിയന്‍ ഭരണാധികാരികള്‍ സ്വന്തം ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വോട്ട് ബാങ്കിനുമായി കുടിയേറ്റ വിഷയത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. സൗഹൃദ രാജ്യങ്ങളില്‍ നിന്ന് രാഷ്ട്രീയ പ്രസംഗങ്ങളല്ല, മറിച്ച് പ്രതിസന്ധികളില്‍ യൂറോപ്യന്‍ ഐക്യദാര്‍ഢ്യമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സ്‌പെയിന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.