പലായനത്തിന്റെ കയ്പുനീരിൽ ലെബനീസ് ക്രൈസ്തവർ; യുദ്ധനിഴലിൽ ഒരു ഈസ്റ്റർ ആഘോഷം കൂടി

പലായനത്തിന്റെ കയ്പുനീരിൽ ലെബനീസ് ക്രൈസ്തവർ; യുദ്ധനിഴലിൽ ഒരു ഈസ്റ്റർ ആഘോഷം കൂടി

ബെയ്റൂട്ട്: തെക്കൻ ലെബനോനിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ തുടരുന്ന രൂക്ഷമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഈസ്റ്റർ ലെബനീസ് ക്രൈസ്തവർക്ക് വേദനയുടെ ഓർമ്മയായി. സ്വന്തം വീടും പള്ളികളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വന്ന ആയിരക്കണക്കിന് വിശ്വാസികൾ അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക കേന്ദ്രങ്ങളിലുമാണ് ഉയിർപ്പു തിരുനാൾ കൊണ്ടാടിയത്.

വ്യോമാക്രമണങ്ങൾ രൂക്ഷമായതോടെ തെക്കൻ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ക്രിസ്ത്യൻ കുടുംബങ്ങൾ തലസ്ഥാനമായ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. സ്വന്തം ഗ്രാമത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകേണ്ടിയിരുന്ന ഫാ. മറൂൺ ഗഫാരി ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് ഇത്തവണ ശുശ്രൂഷകൾ നടത്തിയത്.

തന്റെ ഇടവകാംഗങ്ങളെ തങ്ങളുടെ നാടിനെയും വീടിനെയും കുറിച്ച് ഓർമ്മിപ്പിക്കാൻ ഗ്രാമങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് അദേഹം ശുശ്രൂഷകൾ നിർവഹിച്ചത്. യുദ്ധം ലെബനോനിൽ വലിയ തോതിലുള്ള മാനുഷിക പ്രതിസന്ധിക്കാണ് കാരണമായിരിക്കുന്നത്.

ഏകദേശം പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം പലായനം ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തലമുറകളായി വിവിധ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ക്രൈസ്തവരിൽ പലർക്കും ഇനിയും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. തെക്കൻ മേഖലകളിൽ ഇപ്പോഴും തുടരുന്ന ചുരുക്കം ചില ക്രൈസ്തവർ കനത്ത സുരക്ഷാ ഭീഷണികൾക്കിടയിലും ഒത്തുകൂടുന്നത് തുടരുന്നുണ്ട്.

ഒരുകാലത്ത് മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരുന്ന ലെബനോനിൽ നിരന്തരമായ യുദ്ധങ്ങളും സാമ്പത്തിക തകർച്ചയും കാരണം ക്രൈസ്തവ സമൂഹം ഇന്ന് ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകുന്ന ഈസ്റ്റർ ദിനത്തിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കയിലാണ് ഈ വിശ്വാസികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.