താടി എന്നത് അല്‍പം അലങ്കാരമായും മറ്റ് ചിലപ്പോള്‍ അല്‍പം അഹങ്കാരമായും കൊണ്ടുനടക്കാറുണ്ട് പല പുരുഷന്മാരും. എന്നാല്‍ സ്വന്തം താടി മൂലം മരണപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ചരിത്രത്തില്‍ അങ്ങനേയും ഉണ്ട് ഒരു മനുഷ്യന്‍.
ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. ആസ്‌ട്രേലിയയിലെ ഒരു ചെറുപട്ടണമായ ബ്രോണൗ ആം ഇന്‍ എന്ന സ്ഥലത്തെ മേയറായിരുന്നു ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചര്‍. അതും ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്. 1567-ല്‍. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മസ്ഥലമെന്ന നിലയില്‍ പ്രസിദ്ധമാണ് ബ്രോണൗ ആം ഇന്‍.
ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചര്‍ വളരെ നല്ല മനുഷ്യനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നന്മയേക്കാള്‍ അധികമായി അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത് സ്വന്തം താടിയായിരുന്നു. നീളത്തില്‍ വളഞ്ഞുവളഞ്ഞ് കിടന്ന ഭീമന്‍ താടി. നാലരയടിയിലേറെ നീളമുണ്ടായിരുന്നു അദ്ദേഹത്തിന്റെ താടിക്ക്.
സാധാരണ ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചര്‍ തന്റെ താടി ചീകി ഒതുക്കി വൃത്തിയായി ചുരുട്ടി പോക്കറ്റില്‍ ഇടാറായിരുന്നു പതിവ്. എന്നാല്‍ 1567- സെപ്റ്റംബര്‍ 28 ന് ആ പട്ടണത്തില്‍ വലിയൊരു തീപിടുത്തമുണ്ടായി. പട്ടണത്തിന്റെ മേയറായ ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചറും തീയണയ്ക്കാനുള്ള പരിശ്രമത്തില്‍ ഒപ്പം ചേര്‍ന്നു. ഇതിനിടെയില്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ചുരുട്ടി വെച്ച താടി കെട്ടഴിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. തീയണയ്ക്കാനുള്ള പരിശ്രമത്തിലായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം ആ താടി വീണ്ടും പോക്കറ്റിലാക്കിയില്ല.
ഇതിനിടെ ഒരു കോവണിപ്പടിയില്‍ നില്‍ക്കുമ്പോള്‍ തിക്കിലും തിരക്കിലും പെട്ടപ്പോള്‍ ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചര്‍ അറിയാതെ സ്വന്തം താടിയില്‍ തന്നെ ചവിട്ടി. ബാലന്‍സ് നഷ്ടപ്പെട്ട അദ്ദേഹം തെന്നി പടിക്കെട്ടിലൂടെ താഴേക്ക് വീഴുകയും ചെയ്തു. ആ വീഴ്ചയില്‍ അദ്ദേഹത്തിന്റെ കഴുത്തിന് ഗുതുതരമായ പരിക്കേറ്റു. അങ്ങനെ സ്വന്തം താടി കൊണ്ടുതന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
മേയറായിരുന്ന ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചര്‍ നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണത്തില്‍ ആ നാട് ദുഃഖിച്ചു. നഗരത്തിലെ സെന്റ് സ്റ്റീഫന്‍ പള്ളിയോട് ചേര്‍ന്ന് ഹാന്‍സ് സ്‌റ്റെയ്‌നിഞ്ചറിന്റെ ഓര്‍മ്മയ്ക്കായി ഒരു വലിയ ശിലാസ്മാരകം സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന്റെ മനോഹരമായ ആ ഭീമന്‍ താടി പട്ടണത്തിലെ ചരിത്ര മ്യൂസിയത്തില്‍ സൂക്ഷിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.