ആഗോള വിപണിയില്‍ ആശങ്ക: അസംസ്‌കൃത എണ്ണ വില 200 ഡോളര്‍ വരെ ഉയരുമെന്ന് ഇറാന്‍

ആഗോള വിപണിയില്‍ ആശങ്ക: അസംസ്‌കൃത എണ്ണ വില 200 ഡോളര്‍ വരെ ഉയരുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അസംസ്‌കൃത എണ്ണ വില ബാരലിന് 200 ഡോളര്‍ വരെ ഉയരുമെന്ന് ഇറാന്‍. വില ഉയരുന്നത് അഭിമുഖീകരിക്കാന്‍ തയ്യാറാകുക. കാരണം എണ്ണ വില നിങ്ങള്‍ അസ്ഥിരമാക്കിയ പ്രാദേശിക സുരക്ഷയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇറാന്‍ സൈനിക കമാന്‍ഡിന്റെ വക്താവ് ഇബ്രാഹിം സൊല്‍ഫ ഖാരി പറഞ്ഞു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണവും പ്രത്യാക്രമണങ്ങളും തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്.

ഇസ്രയേലിനും യു.എസിനുമെതിരായ പരിമിതമായ ആക്രമണങ്ങളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങളിലേക്ക് ഇറാന്‍ മാറുമെന്നും ഇബ്രാഹിം സൊല്‍ഫഖാരി മുന്നറിയിപ്പ് നല്‍കി. അതേസമയം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഇടനാഴികളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കടുത്ത ഭീഷണി നേരിടുന്നത് ആഗോള ഊര്‍ജ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ലോകത്തിലെ എണ്ണയുടെ ഏകദേശം അഞ്ചിലൊന്നോളം വഹിക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം മിസൈലുകള്‍, ഡ്രോണുകള്‍, നാവിക ആക്രമണങ്ങള്‍ എന്നിവയാല്‍ തടസപ്പെടുത്തിയിരിക്കുകയാണ്. കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഫലത്തില്‍ ഉപരോധത്തിലായിരിക്കുകയാണ്.

അതേസമയം പ്രൊജക്‌റ്റൈല്‍ ആക്രമണത്തില്‍പ്പെട്ട തായ് കപ്പലിലെ 20 നാവികരെ രക്ഷപ്പെടുത്തിയതായി തായ്‌ലന്‍ഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. സുരക്ഷാ സാഹചര്യം വഷളായതിനെത്തുടര്‍ന്ന് ഷിപ്പിങ് കമ്പനികള്‍ കപ്പലുകള്‍ നിര്‍ത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാന്‍ തുടങ്ങി. കപ്പല്‍ ഇന്‍ഷുറന്‍സുകാരും ഓപ്പറേറ്റര്‍മാരും ഇടനാഴിയിലൂടെയുള്ള അപകട സാധ്യതകള്‍ പുനരാലോചിക്കുന്നതിനാല്‍ നൂറുകണക്കിന് ഓയില്‍ ടാങ്കറുകള്‍ സമീപ ജലാശയങ്ങളില്‍ നങ്കൂരമിടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഈ ആഴ്ച ആദ്യം എണ്ണ വില ബാരലിന് 120 ഡോളറിന് മുകളില്‍ ഉയര്‍ന്നുവെങ്കിലും പിന്നീട് സ്ഥിരത കൈവരിക്കുകയായിരുന്നു. എന്നിരുന്നാലും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആ സ്ഥിരത ഇല്ലാതാക്കുകയും ഗുരുതരമായ വിതരണ പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യുമെന്ന് ഊര്‍ജ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.