തര്‍ക്ക നിലപാടുകളില്‍ മഞ്ഞുരുകുമോ?.. നിര്‍ണായകം ഇന്നത്തെ ഇസ്ലമാബാദ് ചര്‍ച്ച

തര്‍ക്ക നിലപാടുകളില്‍ മഞ്ഞുരുകുമോ?.. നിര്‍ണായകം ഇന്നത്തെ ഇസ്ലമാബാദ് ചര്‍ച്ച

ഇസ്ലമാബാദ്: കഴിഞ്ഞ 40 ദിവസമായി തുടരുന്ന ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധത്തില്‍ അതിനിര്‍ണായകമാണ് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലമാബാദില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍.

യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യത്തെ നേരിട്ടുള്ള നയതന്ത്ര ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും രണ്ട് ദിവസം മുന്‍പ് നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിലെ വ്യവസ്ഥകളെച്ചൊല്ലി മൂന്ന് രാജ്യങ്ങളും വ്യത്യസ്ത നിലപാടില്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയുടെ പുരോഗതിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘവും ഇറാനിയന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് ചര്‍ച്ച.

രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്ന ഹോര്‍മുസ് കടലിടുക്കിലെ തുറന്ന ഗതാഗതം, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തി വയ്ക്കല്‍ തുടങ്ങിയ പ്രധാന വ്യവസ്ഥകളൊന്നും ഇറാന്‍ അംഗീകരിച്ചിട്ടില്ല.

ഹോര്‍മുസിന്റെ നിയന്ത്രണാവകാശം നിലനിര്‍ത്തുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുക, യുദ്ധം മൂലമുണ്ടായ നഷ്ടത്തിന് സാമ്പത്തിക സഹായം തുടങ്ങിയ പത്തിന നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

മാത്രമല്ല ലബനനില്‍ ഇസ്രയേല്‍ തുടരുന്ന സൈനിക നടപടി മറ്റൊരു പ്രധാന പ്രശ്‌നമാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ലബനനില്‍ ആക്രമണം പാടില്ലെന്ന് ഇറാനും മധ്യസ്ഥ രാഷ്ട്രമായ പാകിസ്ഥാനും വാദിക്കുമ്പോള്‍ കരാറില്‍ ലബനന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്.

'ഓപ്പറേഷന്‍ എറ്റേണല്‍ ഡാര്‍ക്ക്‌നസ്' എന്ന പേരില്‍ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാക്കളടക്കം ഇതുവരെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ളയെ പൂര്‍ണമായും തകര്‍ക്കുന്നത് വരെ ലെബനനിലെ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ലെബനനിലെ ആക്രമണം തുടരുന്നത് ഇസ്ലമാബാദിലെ സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനും ഇസ്രയേലും അവസാന നിമിഷം കൊമ്പുകോര്‍ത്തതും പ്രതിസന്ധിയുണ്ടാക്കുന്നു.

ചുരുക്കത്തില്‍, വലിയ പ്രതീക്ഷ വയ്ക്കാവുന്ന അന്തരീക്ഷത്തിലല്ല ഇസ്ലമാബാദിലെ ഇന്നത്തെ ചര്‍ച്ചകള്‍. ഇത് പരാജയപ്പെട്ടാല്‍ സ്ഥിതി കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.