ചിക്കാഗോ: പ്രവാസ ലോകത്തെ സിറോ-മലബാർ സഭയുടെ ആത്മീയ മുന്നേറ്റത്തിന്റെ അടയാളമായി മാറിയ 2025-ലെ യൂഖറിസ്റ്റിക് കോൺഗ്രസ് സ്മരണിക ‘സിബാച്’ (Living Sacrifice Remembered) പ്രകാശനം ചെയ്തു. ചിക്കാഗോ സെന്റ് തോമസ് സിറോ-മലബാർ കത്തീഡ്രൽ ദേവാലയത്തിൽ ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ചിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, സഭയിലെ മുതിർന്ന അംഗവും സീനിയർ ഫോറം പ്രതിനിധിയുമായ പി.ഡി. ജോസഫ് (വക്കച്ചായൻ) ബിഷപ്പിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങി. സഭയുടെ പാരമ്പര്യവും യുവതലമുറയുടെ ഊർജ്ജവും ഒന്നു ചേരുന്നതാണ് ഈ സ്മരണികയെന്ന് മാർ ജോയ് ആലപ്പാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ മെയ് 23 മുതൽ 25 വരെ ന്യൂജേഴ്‌സിയിലെ സോമർസെറ്റിൽ നടന്ന ചരിത്രപ്രധാനമായ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ ആത്മീയ അനുഭവങ്ങളാണ് സ്മരണികയിൽ ക്രോഡീകരിച്ചിരിക്കുന്നത്. പ്രമുഖ ദൈവശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ, സഭയുടെ ഐക്യം വിളിച്ചോതുന്ന റിപ്പോർട്ടുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. “സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” (യോഹന്നാൻ 6:51) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് സ്മരണിക തയ്യാറാക്കിയിരിക്കുന്നത്.
ന്യൂജേഴ്‌സി സോമർസെറ്റ് സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ സ്മരണികയുടെ അണിയറ പ്രവർത്തകരെ ബിഷപ്പ് അഭിനന്ദിച്ചു. മുൻ വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട്, നിലവിലെ വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ട്രസ്റ്റിമാർ, എഡിറ്റോറിയൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദേഹം കൂട്ടിചേർത്തു.
റോയ് മാത്യു, ടോം പെരുമ്പായിൽ, മിനേഷ് ജോസഫ്, സെബാസ്റ്റ്യൻ ആന്റണി, തെരേസ ടോമി, നിഷ അലക്സ്, മരിയേല പയ്യപ്പിള്ളി, റോസ് പോറവൻതട്ടിൽ, ജോർജ് ചെറിയാൻ, സജി ജേക്കബ് മുള്ളൂർ, ജിജോ തോമസ്, റോബർട്ട് ആന്റണി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സ്മരണികയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ stthomassyronj.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.