മില്‍വൗക്കി: ചിക്കാഗോ സീറോമലബാര്‍ രൂപത സ്ഥാപനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് ചിക്കാഗോയില്‍ 2026 ജൂലൈ ഒന്‍പത് മുതല്‍ 12 വരെ സംഘടിപ്പിച്ചിട്ടുള്ള രജതജൂബിലി കണ്‍വെന്‍ഷന്റെ വിസ്‌കോണ്‍സിനിലെ കിക്കോഫ് ചടങ്ങ് ഈസ്റ്റര്‍ ദിനത്തില്‍ മില്‍വൗക്കിയില്‍ വച്ച് നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യാതിഥി ആയിരുന്നു.
മില്‍വൗക്കി സെന്റ് ആന്റണി സീറോ മലബാര്‍ മിഷന്‍ സന്ദര്‍ശിച്ച പമാര്‍ ജോയി ആലപ്പാട്ടിനെ ഡയറക്ടര്‍ ഫാ. നവീന്‍ പള്ളുരാത്തില്‍, ട്രസ്റ്റിമാരായ രഞ്ജു ജോസ്, തോമസ് ഡിക്രൂസ്, സൂസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈസ്റ്റര്‍ സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് പിതാവ് നടത്തിയ പ്രഭാഷണത്തില്‍ രജതജൂബിലി കണ്‍വന്‍ഷന്റെ കാതലായ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു. സീറോമലബാര്‍ സഭയുടെ അമേരിക്കയിലെ വളര്‍ച്ചയും ദൗത്യപരമായ മുന്നേറ്റവും ഇടവകാംഗങ്ങളെ ഓര്‍മിപ്പിച്ചു.
വിശ്വാസ സംരക്ഷണം, കുടുംബ മൂല്യങ്ങള്‍, സഭയിലെ യുവജന പങ്കാളിത്തം,സഭയുടെ ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള അപൂര്‍വ അവസരമാണ് സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍. വിശ്വാസവും അറിവും സൗഹൃദവും പങ്കുവയ്ക്കുന്ന ഏറ്റവും അനുഗ്രഹീത വേദിയായി കണ്‍വെന്‍ഷനെ കാണണമെന്നും യുവജനങ്ങളെയും പുതുതലമുറയെയും ഇതിലേക്ക് ആകര്‍ഷിക്കേണ്ടത് സഭാ മക്കളുടെ ഉത്തരവാദിത്തമാണെന്നും കിക്കോഫ് നിര്‍വഹിച്ചുകൊണ്ട് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു.
മില്‍വൗക്കിയില്‍ നിന്നും ഊഷ്മളമായ പ്രതികരണമാണ് കിക്കോഫ് ചടങ്ങിന് ലഭിച്ചത്. പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ വര്‍ഷ വര്‍ഗീസ്, സി. സ്മിത പാറപ്പുറം സിഎംസി, ലിന്‍ഡ വര്‍ഗീസ്, സ്റ്റീഫന്‍ പോളി, സെലിന്‍ സക്കറിയാസ്, ജെറിന്‍ ജോസഫ്, ഷൈനി കുര്യന്‍, ഡോ. ക്രിസ്റ്റിന എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.