ആരാധനാലയങ്ങൾ ഇനി പുകമുക്തം; ഫിലിപ്പൈൻസിലെ ദേവാലയങ്ങളിൽ പുകവലിക്കും വെയ്പ്പിങ്ങിനും കർശന നിരോധനം

ആരാധനാലയങ്ങൾ ഇനി പുകമുക്തം; ഫിലിപ്പൈൻസിലെ ദേവാലയങ്ങളിൽ പുകവലിക്കും വെയ്പ്പിങ്ങിനും കർശന നിരോധനം

മനില: വിശ്വാസികളുടെ ആരോഗ്യസംരക്ഷണവും ആരാധനാലയങ്ങളുടെ വിശുദ്ധിയും മുൻനിർത്തി ഫിലിപ്പൈൻസിലെ കത്തോലിക്കാ ദേവാലയങ്ങളിൽ പുകവലിക്കും ഇലക്ട്രോണിക് സിഗരറ്റുകൾക്കും കർശന നിരോധനം ഏർപ്പെടുത്തി. ഫിലിപ്പൈൻ കാത്തലിക് ബിഷപ്പ് കോൺഫറൻസും ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിബിസിപി ഹെൽത്ത് കെയർ കമ്മീഷൻ സെക്രട്ടറി ഫാദർ ഡാൻ വിസെന്റെ കാൻസിനോ ജൂനിയർ വ്യക്തമാക്കി. പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന അകാല മരണങ്ങളും രോഗങ്ങളും തടയുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും അദേഹം കൂട്ടിച്ചേർത്തു.

യുവതലമുറയ്ക്കിടയിൽ പുകവലിയും വെയ്പ്പിങ്ങും പടരുന്നതിൽ ബിഷപ്പുമാരുടെ സമിതി അതീവ ആശങ്ക പ്രകടിപ്പിച്ചു. പുതിയ കണക്കുകൾ പ്രകാരം 10 മുതൽ 19 വയസ്സുവരെയുള്ള കുട്ടികളിലെ പുകയില ഉപയോഗം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്. വെയ്പ്പിങ് സിഗരറ്റിന് പകരമുള്ള സുരക്ഷിത മാർഗമല്ലെന്ന് ആരോഗ്യ മന്ത്രാലയം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ 'ലൗദാത്തോ സി' എന്ന പ്രബോധനത്തെ മുൻനിർത്തി മനിലയിലെ ചില പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങൾ 2015 മുതൽ തന്നെ പുകവലി നിരോധനം നടപ്പിലാക്കിയിരുന്നു. ഇത് മാതൃകയാക്കിയാണ് ഇപ്പോൾ രാജ്യത്തെ എല്ലാ ഇടവകകളിലേക്കും ഈ നിയമം വ്യാപിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഫിലിപ്പൈൻസിലെ മുതിർന്നവരിൽ അഞ്ചിലൊരാൾ പുകവലിക്കുന്നവരാണ്. പുകയില സംബന്ധമായ അസുഖങ്ങൾ മൂലം പ്രതിവർഷം 88,000-ത്തോളം മരണങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ സഭയുടെ പുതിയ തീരുമാനം സർക്കാരിന്റെ പുകയില വിരുദ്ധ പോരാട്ടത്തിന് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.