ഭരണവിരുദ്ധ വികാരമില്ല, എല്‍ഡിഎഫ് 90 ലധികം സീറ്റ് നേടും; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എം.വി. ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരമില്ല, എല്‍ഡിഎഫ് 90 ലധികം സീറ്റ് നേടും; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും 2016-ഉം 2021-ഉം ആവര്‍ത്തിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറക്കില്ലെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. ഇത്തവണയും തൊണ്ണൂറിലധികം സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനത്തിന് മതിപ്പുണ്ട്. ജനങ്ങള്‍ക്ക് വേണ്ടത് തുടര്‍ ഭരണമാണ്.

ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ചില വൈകൃതങ്ങള്‍ കേരളത്തിലുമുണ്ടായി. യുഡിഎഫും ബിജെപിയും പണം ഒഴുക്കി. പണം എറിഞ്ഞ് വോട്ടു പിടിക്കാനുള്ള ശ്രമം ഉണ്ടായി. എന്നാല്‍ ബിജെപി ഒരു സീറ്റില്‍ പോലും വിജയിക്കില്ല.

കേരളം സതീശനോട് ക്ഷമിക്കും. വി.ഡി. സതീശന്‍ സന്യാസത്തിന് പോകേണ്ടതില്ല. സിപിഎം വിട്ടവര്‍ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വലിയ അവകാശവാദങ്ങളാണ് മുന്നോട്ടു വെക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മന്ത്രിസഭാ രൂപീകരണം പോലും സാങ്കല്‍പ്പികമായി നടത്തിക്കഴിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്ന കാര്യം പോലും അന്ന് ചര്‍ച്ച ചെയ്തു.

മന്ത്രിമാരുടെ ലിസ്റ്റും പേഴ്‌സണല്‍ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റുമെല്ലാം പുറത്തു വന്നത് അറിയാം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 99 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. ഇപ്രാവശ്യവും ചര്‍ച്ചകളെല്ലാം നടക്കുന്നുണ്ട്. വെടിനിര്‍ത്തി, മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന സ്ഥിതിയിലെത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ആരാണ് കേരളം ഭരിക്കുക എന്ന് ഒമ്പതാം തിയതി തീരുമാനിച്ചു കഴിഞ്ഞു. ആ തീരുമാനത്തിന്റെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തോട് നമ്മുടെ മനസിനെ പൊരുത്തപ്പെടുത്തുന്ന പണി മാത്രമേ നാലാം തിയതിയുള്ളൂ. അതിനിടയില്‍ അവലോകനം ചെയ്തപ്പോള്‍ മനസിലാക്കാന്‍ സാധിച്ച വ്യക്തമായ ചിത്രമാണ് ഇപ്പോള്‍ പറഞ്ഞതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.