വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ പ്രാദേശിക സമയം ഇന്ന് രാവിലെ പത്ത് മുതല്‍ എല്ലാ കപ്പലുകള്‍ തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസിലേക്ക് കപ്പലുകള്‍ കടക്കുന്നതിനോ പുറത്തു പോകുന്നതിനോ അനുവദിക്കില്ല.
പാകിസ്ഥാനില്‍ നടന്ന ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇറാനുമേല്‍ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായുള്ള കപ്പല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്‍ തുറമുഖത്തില്‍ പ്രവേശിക്കുന്നതോ മടങ്ങുന്നതോ ആയ എല്ലാ കപ്പലുകള്‍ക്കും ഇത് ബാധകമാണ്. സൗഹൃദ രാജ്യങ്ങള്‍ക്കും ഒഴിവില്ല. അതേസമയം ട്രംപിന്റെ ഉത്തരവിനെ ഇറാന്‍ തള്ളി.
ഇസ്ലമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ മിക്ക കാര്യങ്ങളിലും ഇറാനും അമേരിക്കയും തമ്മില്‍ ധാരണ ആയെങ്കിലും ആണവ പദ്ധതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ വിസമ്മതിച്ചുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
'ലോകത്തിലെ ഏറ്റവും മികച്ച നാവിക സേനയായ യു.എസ് നാവിക സേന, ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കാനോ, പുറത്തു പോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയും. നമുക്ക് നേരെയോ, സമാധാനപരമായ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന ഏതൊരു ഇറാന്‍കാരനെയും നരകത്തിലേക്ക് തള്ളിവിടും' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
നാറ്റോ സഖ്യത്തിനെതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. നാറ്റോയ്ക്കായി അമേരിക്ക നടത്തുന്ന ചെലവുകള്‍ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇറാനുമായുള്ള യു.എസിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ പിന്തുണയ്ക്കുന്നതില്‍ നാറ്റോ പരാജയപ്പെട്ടു.
റഷ്യയില്‍ നിന്നുള്ള സംരക്ഷണത്തിനായി നാറ്റോയ്ക്ക് വേണ്ടി ട്രില്യണ്‍ കണക്കിന് ഡോളറാണ് അമേരിക്ക ചെലവാക്കിയത്. വലിയ തുക ചിലവാക്കി അവരെ റഷ്യയില്‍ നിന്നു സംരക്ഷിക്കുകയാണ് യു.എസ് ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന ഇറാന്‍ സംഘവും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലെ യു.എസ് സംഘവും ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട 21 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ട്രംപ് കടുത്ത നടപടി പ്രഖ്യാപിച്ചത്.
ഇറാന്റെ മിസൈല്‍ പദ്ധതികള്‍ നിയന്ത്രിക്കണമെന്നും യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്നുമാണ് യു.എസ് ആവശ്യപ്പെട്ടത്. എന്നാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നാണ് ഇറാന്റെ നിലപാട്. മിസൈല്‍ പദ്ധതികള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അവര്‍ അറിയിച്ചു.
അതേസമയം, അമേരിക്കയെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ ഇറാന്‍ പ്രതികരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുക മാത്രമല്ലായിരുന്നു അമേരിക്കയുടെ ഉപാധികളെന്നും അവ അതിരുകടന്നവ ആയിരുന്നെന്നും ഇറാന്‍ വ്യക്തമാക്കി.
ഹോര്‍മുസിലൂടെ കടത്തി വിടുന്ന കപ്പലുകളില്‍ നിന്ന് 10 ലക്ഷം ഡോളറിലേറെ ഇറാന്‍ ടോള്‍ പിരിക്കുന്നെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാന്‍ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ അനുമതിയോടെ പരിമിതമായ കപ്പല്‍ ഗതാഗതമാണ് നിലവില്‍ മേഖലയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.