'എന്തോ കുഴപ്പമുണ്ട്': രോഗശാന്തി നല്‍കുന്ന യേശുവായി സ്വയം ചിത്രീകരിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ട്രംപ്

'എന്തോ കുഴപ്പമുണ്ട്': രോഗശാന്തി നല്‍കുന്ന യേശുവായി സ്വയം ചിത്രീകരിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ട്രംപ്

വാഷിങ്ടണ്‍: സ്വയം യേശു ക്രിസ്തുവായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

രോഗശാന്തി നല്‍കുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കു വെച്ചത്. മാര്‍പാപ്പയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

അമേരിക്കന്‍ പതാകയുടെ പശ്ചാത്തലമുള്ളതാണ് ചിത്രം. സൈനികര്‍, വിമാനങ്ങള്‍, പരുന്ത്, നഴ്‌സുമാര്‍, രോഗിയായ ആള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം. കൈയില്‍ പ്രത്യേക വെളിച്ചവും രോഗിയുടെ തലയില്‍ കൈവെച്ച് രോഗശാന്തി നല്‍കുന്ന തരത്തില്‍ ട്രംപ് നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ അന്നേ ദിവസം തന്നെയായിരുന്നു മാര്‍പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.

എന്നാല്‍ ഇതിനെതിരേ ട്രംപ് രംഗത്തെത്തി. മാര്‍പാപ്പ സഭയുടെ കാര്യം നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. തന്നെ നേരിടാനാണ് ഒരു അമേരിക്കക്കാരനെ സഭ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തതെന്നും ട്രംപ് ആരോപിച്ചു.

താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ പതിനാലാമന്‍ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് വീമ്പിളക്കി. ഇതിന് പിന്നാലെ ട്രംപിനെ ഭയപ്പെടുന്നില്ലെന്നും സമാധാനത്തിനായി ഇനിയും ശബ്ദമുയര്‍ത്തുമെന്നും വ്യക്തമാക്കി മാര്‍പാപ്പ രംഗത്തെത്തിയിരുന്നു.

ഇതാദ്യമായിട്ടല്ല ട്രംപ് സ്വന്തം ചിത്രം ഉപയോഗിച്ചുള്ള എഐ ചിത്രീകരണം പങ്കുവെക്കുന്നത്. നേരത്തെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന വേളയില്‍ പോപിന്റെ വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്വന്തം എഐ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് പേജിലും ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.