'എല്ലാത്തിനും പരമോന്നത നേതാവിന്റെ അനുമതി വേണം, പന്ത് ഇറാന്റെ കോര്‍ട്ടില്‍': ഇറാന്‍-യു.എസ് ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ജെ.ഡി വാന്‍സ്

 'എല്ലാത്തിനും പരമോന്നത നേതാവിന്റെ അനുമതി വേണം, പന്ത് ഇറാന്റെ കോര്‍ട്ടില്‍': ഇറാന്‍-യു.എസ് ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ജെ.ഡി വാന്‍സ്

വാഷിങ്ടണ്‍: ഇസ്ലമാബാദില്‍ ഇറാനുമായി യു.എസ് നടത്തിയ ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇറാനുമായി കൂടുതല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്നതില്‍ തീരുമാനം എടുകേണ്ടത് അവരാണെന്നും കാരണം പന്ത് അവരുടെ കോര്‍ട്ടിലാണെന്നും അദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാന്‍സിന്റെ പ്രതികരണം.

ഇറാനികള്‍ എങ്ങനെയാണ് ചര്‍ച്ച നടത്തുന്നതെന്നും കരാറിലെത്തുന്നതെന്നും ഇസ്ലമാബാദില്‍ വെച്ച് തങ്ങള്‍ക്ക് മനസിലായി. അതുകൊണ്ടാണ് തങ്ങള്‍ അവസാനം അവിടെ നിന്ന് പിന്മാറിയത്. കാരണം അവിടെയുണ്ടായിരുന്ന പ്രതിനിധികള്‍ക്ക് ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ പരമോന്നത നേതാവില്‍ നിന്നോ മറ്റൊരാളില്‍ നിന്നോ അനുമതി വാങ്ങി വേണമായിരുന്നു തങ്ങള്‍ നിശ്ചയിച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍. അല്ലെങ്കില്‍ അവര്‍ക്ക് ഇറാനിലേക്ക് മടങ്ങിപ്പോയി കൂടിയാലോചനകള്‍ നടത്തേണ്ടിയിരുന്നുവെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമോ, ഒരു കരാറില്‍ എത്തുമോ എന്നതില്‍ തീരുമാനം എടുക്കേണ്ടത് ഇറാനാണ്. കാരണം തങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങളുടെ ചുവപ്പ് വരകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുകയുണ്ടായി. ഇറാനെ ഒരു സാധാരണ രാജ്യമായി കണക്കാക്കണമെങ്കില്‍, ഒരു സാധാരണ സമ്പദ്‌വ്യവസ്ഥയുണ്ടെങ്കില്‍, ജനങ്ങള്‍ക്ക് അഭിവൃദ്ധിയോടെ ജീവിക്കാന്‍ കഴിയുമെങ്കില്‍ തങ്ങള്‍ വളരെ സന്തുഷ്ടരായിരിക്കുമെന്നും വാന്‍സ് വ്യക്തമാക്കുകയുണ്ടായി. സാമ്പത്തികമായി ഇറാന്‍ ഒരു സാധാരണ രാജ്യമാകണമെങ്കില്‍, ആണവ ബോംബ് ഉണ്ടാക്കാന്‍ ശ്രമിക്കാത്ത, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാത്ത ഒരു സാധാരണ രാജ്യം എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

ആണവ ബോംബ് വികസിപ്പിക്കില്ല എന്ന് അവര്‍ക്ക് നിശ്ചയദാര്‍ഢ്യം ഉണ്ടാകണം. ഒരു വലിയ കരാര്‍ സാധ്യമാകുമെന്ന് താന്‍ ശരിക്കും വിശ്വസിക്കുന്നു. പക്ഷേ അടുത്ത നീക്കം നടത്തേണ്ടത് ഇറാന്‍കാരാണെന്നും വാന്‍സ് വ്യക്തമാക്കി. മാത്രമല്ല ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതില്‍ ഇറാന്‍ പുരോഗതി കൈവരിക്കുമെന്ന് യു.എസ് പ്രതീക്ഷിക്കുന്നുവെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ചര്‍ച്ചകള്‍ മാറും എന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.