കുരുന്നുകളുടെ സ്നേഹത്തിൽ അലിഞ്ഞ് ലിയോ പാപ്പ; അൾജീരിയയിൽ നിന്ന് മടക്കം കാമറൂണിലേക്ക്

കുരുന്നുകളുടെ സ്നേഹത്തിൽ അലിഞ്ഞ് ലിയോ പാപ്പ; അൾജീരിയയിൽ നിന്ന് മടക്കം കാമറൂണിലേക്ക്

അൾജിയേഴ്സ്: ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി കാമറൂണിലേക്ക് തിരിക്കും മുൻപ് അൾജീരിയയിലെ കുരുന്നുകൾക്ക് സ്നേഹ ചുംബനമേകി ലിയോ പതിനാലാമൻ മാർപാപ്പ. അൾജിയേഴ്സിൽ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ‘നോട്രെ ഡാം ഡി’അഫ്രിക്ക്’ ചിൽഡ്രൻസ് സെന്റർ സന്ദർശിച്ചാണ് പരിശുദ്ധ പിതാവ് തന്റെ മടക്കയാത്രയ്ക്ക് തുടക്കം കുറിച്ചത്.

അൾജീരിയയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പാപ്പയുടെ ഈ അപ്രതീക്ഷിത സന്ദർശനം. ആഫ്രിക്കൻ മാതാവിന്റെ ബസിലിക്കയ്ക്ക് ചാരെ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ കുരുന്നുകൾ ആവേശത്തോടെയാണ് പാപ്പയെ സ്വീകരിച്ചത്. തങ്ങൾ പഠിച്ചെടുത്ത കൊച്ചു കലാപ്രകടനങ്ങൾ അവർ പാപ്പയ്ക്കായി അവതരിപ്പിച്ചു. ഏറെ വാത്സല്യത്തോടെ പ്രകടനങ്ങൾ വീക്ഷിച്ച അദേഹം കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനും അവരെ ആശീർവദിക്കാനും മറന്നില്ല.

അങ്ങേയറ്റം ദാരിദ്ര്യം അനുഭവിക്കുന്ന മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ കേന്ദ്രത്തിൽ കഴിയുന്നവരിലധികവും. കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ പാത പിന്തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തുന്ന ഈ സ്ഥാപനം അൾജിയേഴ്സിലെ ദരിദ്രമായ മേഖലകളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് നൽകുന്ന നിശ്ശബ്ദവും നിരന്തരവുമായ സേവനത്തിന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരെ പാപ്പ പ്രത്യേകം അഭിനന്ദിച്ചു. കേവലം അക്ഷരാഭ്യാസം നൽകുക എന്നതിലുപരി വലിയ സാമൂഹിക സേവനമാണ് ഈ കേന്ദ്രം കാഴ്ചവയ്ക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ബഹുമാനവും സഹവർത്തിത്വവും വളർത്തുന്നതിൽ ഈ സ്ഥാപനം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പാപ്പ എടുത്തുപറഞ്ഞു.

കുരുന്നുകളോട് യാത്രാമൊഴി ചൊല്ലി ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പ വിമാനത്താവളത്തിലേക്ക് തിരിച്ചു. ആഫ്രിക്കൻ സന്ദർശനത്തിന്റെ അടുത്ത ലക്ഷ്യസ്ഥാനമായ കാമറൂണിലേക്കാണ് പരിശുദ്ധ പിതാവിന്റെ യാത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.