ക്രൈസ്തവ-മുസ്ലീം സാഹോദര്യം സമാധാനത്തിന്റെ പുതിയ വെളിച്ചം; ആഫ്രിക്കൻ മാതൃകയെ പ്രകീർത്തിച്ച് മാർപാപ്പ

ക്രൈസ്തവ-മുസ്ലീം സാഹോദര്യം സമാധാനത്തിന്റെ പുതിയ വെളിച്ചം; ആഫ്രിക്കൻ മാതൃകയെ പ്രകീർത്തിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: തീവ്രനിലപാടുകളും വിഭജനങ്ങളും ലോകത്തെ ശ്വാസംമുട്ടിക്കുമ്പോൾ മതങ്ങൾക്കിടയിലെ സഹവർത്തിത്വവും സ്നേഹവുമാണ് സമാധാനത്തിനുള്ള ഏക മരുന്നെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. മതവിശ്വാസം ഒരിക്കലും അക്രമത്തിന് കാരണമാകരുത്, പകരം അത് മാനവികതയെ ആഴത്തിൽ സ്നേഹിക്കാനുള്ള വഴിയാകണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ആഫ്രിക്കയിലെ ക്രൈസ്തവ-മുസ്ലീം സാഹോദര്യത്തിനായി പ്രവർത്തിക്കുന്ന 'പ്രോഗ്രാം ഫോർ ക്രിസ്ത്യൻ-മുസ്ലിം റിലേഷൻസ്' പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ സ്നേഹസന്ദേശം പങ്കുവെച്ചത്.

മതപരമായ വേർതിരിവുകൾക്കപ്പുറം മനുഷ്യർ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുന്ന ലോകമാണ് ലക്ഷ്യമെന്ന് പാപ്പ വ്യക്തമാക്കി. സാംസ്കാരികവും മതപരവുമായ വ്യത്യാസങ്ങൾക്കിടയിലും ഐക്യത്തോടെ ജീവിക്കാമെന്ന് പ്രോഗ്രാം ഫോർ ക്രിസ്ത്യൻ-മുസ്ലിം റിലേഷൻസ് "സംഘ‌ടനയു‌ടെ പ്രവർത്തനങ്ങൾ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സമാധാനം ഉറപ്പാക്കാൻ ക്രൈസ്തവരും മുസ്ലീങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവതലമുറയെ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പാതയിലേക്ക് നയിക്കാൻ മതനേതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്"- പാപ്പ ഊന്നിപ്പറഞ്ഞു.


മറ്റ് മതവിശ്വാസികളോട് പരസ്പര ധാരണയും ബഹുമാനവും പുലർത്താൻ കത്തോലിക്കാ സഭ എപ്പോഴും ആഹ്വാനം ചെയ്യുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. മറ്റ് മതങ്ങളിലെ സത്യവും വിശുദ്ധവുമായ ഒന്നിനെയും സഭ നിരസിക്കുന്നില്ല, അവ പലപ്പോഴും ദൈവിക സത്യത്തിന്റെ ഒരു കിരണത്തെ പ്രതിഫലിപ്പിക്കുന്നു. ഐക്യത്തിനും കൂട്ടായ്മയ്ക്കുമായി നടത്തുന്ന ഓരോ യാത്രയും ദൈവീകമായ ഇടപെടലാണ്. ഇതിനായി ഹൃദയങ്ങൾ തുറന്നിടണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

ജനങ്ങളെ മുൻവിധി, കോപം, വിദ്വേഷം എന്നിവയുടെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ മതങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മാർപാപ്പ ആവർത്തിച്ചു. അക്രമത്തെയും അനീതിയെയും ഭയമില്ലാതെ അപലപിക്കുന്ന ശബ്ദങ്ങളായി മതവിശ്വാസികൾ മാറണം. സ്വാർത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഉപരിയായി ഉയർന്ന് വിഭജിക്കപ്പെട്ട മനസുകളെ സുഖപ്പെടുത്തുന്നവരാകണം നാം. ഈ കാലഘട്ടത്തിലെ പ്രവാചകന്മാരായി മാറിക്കൊണ്ട് എല്ലാ സഹോദരീസഹോദരന്മാർക്കും വേണ്ടി സമാധാനം പ്രഖ്യാപിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

സമാധാനത്തിന്റെ ശില്പികളായും പ്രത്യാശയുടെ സാക്ഷികളായും യഥാർത്ഥ സാഹോദര്യത്തിന്റെ നിർമ്മാതാക്കളായും മുന്നോട്ട് പോകാൻ പ്രതിനിധി സംഘത്തെ ക്ഷണിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.