ടെൽ അവീവ്: ഇത് വെറുമൊരു മടക്കയാത്രയല്ല, കാലത്തോടും ക്രൂരതയോടും പൊരുതി നേടിയ അതിജീവനത്തിന്റെ വലിയൊരു വിജയമാണ്. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി വംശഹത്യയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പെനിന സെയ്‌ചിക് എന്ന 86-കാരി എട്ട് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെ സ്വപ്നഭൂമിയായ ഇസ്രയേലിലെത്തി.
പെനിനയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് നാസിപ്പട അവളുടെ ഗ്രാമമായ ലൂബീസോവ് ലക്ഷ്യമാക്കി നീങ്ങിയത്. "ഉടനെ മടങ്ങിവരാം അടുപ്പിലെ ഭക്ഷണം നോക്കിക്കൊള്ളണം" എന്ന് അമ്മൂമ്മയോട് പറഞ്ഞ് ഏൽപ്പിച്ചാണ് പെനിനയുടെ കുടുംബം അന്ന് വീടിറങ്ങിയത്. എന്നാൽ ആ മടക്കം ഒരിക്കലും നടന്നില്ല. അമ്മൂമ്മയെയും വീടിനെയും നാസികൾ എന്നെന്നേക്കുമായി ഇല്ലാതാക്കി.
നാസികളെ ഭയന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് പലായനം ചെയ്ത പെനിനയുടെ കുടുംബത്തിന് മുന്നിൽ പട്ടിണിയും രോഗങ്ങളുമാണ് കാത്തിരുന്നത്. ഒരു കഷണം അപ്പത്തിനായി രാത്രി മുഴുവൻ ക്യൂ നിന്നതും പ്രിയപ്പെട്ടവർ കണ്മുന്നിൽ മരിച്ചു വീണതും പെനിന ഇന്നും വേദനയോടെ ഓർക്കുന്നു. യുദ്ധത്തിന് ശേഷം ജർമ്മനിയിലെ അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞ പെനിന ഒടുവിൽ സാഹചര്യങ്ങൾ മൂലം അമേരിക്കയിലേക്ക് കുടിയേറി. അവിടെ അധ്യാപികയായി ജോലി ചെയ്യുമ്പോഴും ഇസ്രയേൽ എന്ന സ്വപ്നം ആ മനസിൽ ജ്വലിച്ചു നിന്നു.
2026 ഫെബ്രുവരി 18 നാണ് തന്റെ 86-ാം വയസിൽ പെനിന ഇസ്രായേലിൽ വിമാനമിറങ്ങിയത്. തന്നെയും തന്റെ വംശത്തെയും ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള ഏറ്റവും വലിയ മറുപടിയാണ് തന്റെ ഇന്നത്തെ ജീവിതമെന്ന് പെനിന വിശ്വസിക്കുന്നു. "നാസികൾ എന്റെ കുടുംബത്തെ തകർക്കാൻ ശ്രമിച്ചു. എന്നാൽ ഇന്ന് ഇസ്രയേലിൽ എന്റെ മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ഞാൻ ജീവിക്കുന്നു. ഇതിലും വലിയൊരു മധുരപ്രതികാരം' എനിക്ക് ചെയ്യാനില്ല," പെനിന പറയുന്നു.
ഏതൊരു തളർച്ചയിലും പ്രത്യാശ കൈവിടരുതെന്ന വലിയ സന്ദേശമാണ് ഈ 86-കാരിയുടെ ജീവിതം ലോകത്തിന് പകരുന്നത്. സ്വന്തം മണ്ണിൽ സ്വന്തം കുടുംബത്തോടൊപ്പം സമാധാനത്തിന്റെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഈ അതിജീവനത്തിന്റെ പെൺകരുത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.