വാഷിങ്‌ടൺ : നിരീശ്വരവാദത്തിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനത്തെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ് എഴുതിയ പുതിയ പുസ്തകം 'കമ്മ്യൂണിയൻ' ജൂൺ 16 ന് പുറത്തിറങ്ങും. ലോകപ്രശസ്തമായ 'ഹിൽബില്ലി എലിജി' എന്ന പുസ്തകത്തിന് ശേഷം വാൻസ് രചിക്കുന്ന ഈ കൃതി വലിയ പ്രതീക്ഷയോടെയാണ് വായനക്കാർ കാത്തിരിക്കുന്നത്.
യേൽ സർവകലാശാലയിലെ ഉന്നത വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതത്തിന്റെ തിളക്കവും നൽകാത്ത വലിയൊരു ലക്ഷ്യബോധം തനിക്ക് ലഭിച്ചത് കത്തോലിക്കാ വിശ്വാസത്തിലൂടെയാണെന്ന് വാൻസ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ഒരിക്കൽ നിരീശ്വരവാദത്തിന്റെ പാതയിലായിരുന്ന താൻ 2019 ലാണ് മാമ്മോദീസ സ്വീകരിച്ച് സഭയുടെ ഭാഗമായത്. തന്റെ ജീവിതത്തിലെ ആത്മീയമായ മാറ്റങ്ങളെയും മാനസാന്തരത്തെയും വാൻസ് പുസ്തകത്തിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു.
ഔദ്യോഗിക തിരക്കുകൾക്കിടയിലും കുടുംബമൂല്യങ്ങൾക്ക് വലിയ പ്രാധാന്യമാണ് വാൻസ് നൽകുന്നത്. തന്റെ ഇളയ കുട്ടിയുടെ മാമ്മോദീസ ഈ വർഷത്തെ ഈസ്റ്റർ ദിനത്തിലാണ് നടന്നതെന്ന് അദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൂടാതെ വാൻസും പത്നി ഉഷ വാൻസും തങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലുമാണ്. ഈ വരുന്ന ജൂലൈയിൽ പുതിയ അതിഥി കുടുംബത്തിലേക്ക് എത്തും.
കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഉഷ വാൻസ് ആരംഭിച്ച 'സ്റ്റോറിടൈം വിത്ത് ദി സെക്കൻഡ് ലേഡി' എന്ന പോഡ്കാസ്റ്റും വലിയ ശ്രദ്ധ നേടുന്നുണ്ട്. രാഷ്ട്രീയത്തിനപ്പുറം വിശ്വാസത്തിലും കുടുംബബന്ധങ്ങളിലും ഊന്നിയുള്ള വാൻസിന്റെ ജീവിതരീതി അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ ചർച്ചയാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.