ഇംഫാൽ: രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തെത്തുടർന്ന് മണിപ്പൂരിൽ വീണ്ടും സംഘർഷം കടുക്കുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇംഫാൽ താഴ്വരയിൽ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായതോടെ സുരക്ഷാസേനയ്ക്ക് ഇടപെടേണ്ടി വന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തിരിക്കുകയാണ്.
ഏപ്രിൽ ഏഴിന് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിലുണ്ടായ ആക്രമണമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് ആധാരം. കുക്കി-സോ വിഭാഗത്തിന് സ്വാധീനമുള്ള കുന്നിൻപ്രദേശങ്ങളിൽ നിന്നുള്ളവർ ഒരു വീടിന് നേരെ ബോംബെറിഞ്ഞതായാണ് പറയപ്പെടുന്നത്. ഈ ആക്രമണത്തിൽ രണ്ട് കുട്ടികൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഇതോടെയാണ് ഇംഫാൽ ഈസ്റ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾ കർഫ്യൂ ലംഘിച്ച് തെരുവിലിറങ്ങിയത്.
ഇംഫാൽ ഈസ്റ്റിൽ വലിയ ജനക്കൂട്ടം റാലി നടത്തിയതോടെ സൈന്യം തടയാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. പ്രതിഷേധക്കാർക്ക് നേരെ സൈന്യം കണ്ണീർ വാതക ഷെല്ലുകളും മോക്ക് ബോംബുകളും പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കോങ്ബ ബസാർ, വാങ്ഖൈ, കോങ്പാൽ തുടങ്ങിയ ഇടങ്ങളിൽ ഇപ്പോഴും സ്ഥിതിഗതികൾ വഷളായി തുടരുകയാണ്.
പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തതോടെ താഴ്വരയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം. ഇത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ വീണ്ടും കടുത്ത വെല്ലുവിളിയിലാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.