ന്യൂഡല്‍ഹി: ഒമാന്‍ തീരത്തുവെച്ച് ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം. ഇറാഖില്‍ നിന്നുള്ള ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന ഇന്ത്യന്‍ ടാങ്കറിന് നേരെയാണ് ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന് വടക്ക് ഭാഗത്ത് വെച്ചാണ് സംഭവം. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ തിരിച്ച് പോകാന്‍ നിര്‍ബന്ധിതരായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ജഗ് അര്‍ണവ്, സന്‍മര്‍ ഹെറാള്‍ഡ് എന്നി രണ്ട് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
രണ്ട് കപ്പലുകളില്‍ ഒന്നിന് നേരെ മാത്രമാണ് നേരിട്ട് ആക്രമണമുണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഗ് അര്‍ണവ് എന്ന കപ്പലിന് നേരെയാണ് വെടിവെയ്പുണ്ടായത്. ഇത് മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന സന്‍മര്‍ ഹെറാള്‍ഡ് എന്ന കപ്പലിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.
ഹോര്‍മുസ് കടലിടുക്കില്‍ നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളൊന്നുമില്ലാത്തതിനാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നാവികസേന ശ്രമിച്ച് വരികയാണ്. നിലവില്‍ ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യയുടെ രണ്ട് ഡിസ്ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറുമുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ വെടിവെയ്പിനെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ സൈന്യം ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള ടാങ്കറിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.