'ഞങ്ങൾ പ്രാർത്ഥിക്കുന്നത് കള്ളന്മാരെപ്പോലെ'; ചൈനയിൽ ക്രൈസ്തവർക്ക് നേരെ കടുത്ത നിയന്ത്രണങ്ങൾ; കുട്ടികൾക്ക് പള്ളിയിൽ പ്രവേശനമില്ല

'ഞങ്ങൾ പ്രാർത്ഥിക്കുന്നത് കള്ളന്മാരെപ്പോലെ'; ചൈനയിൽ ക്രൈസ്തവർക്ക് നേരെ കടുത്ത നിയന്ത്രണങ്ങൾ; കുട്ടികൾക്ക് പള്ളിയിൽ പ്രവേശനമില്ല

ബീജിങ് : ചൈനയിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അടിച്ചമർത്തലുകൾ മനുഷ്യാവകാശങ്ങൾ കവർന്നെടുക്കുന്നതായി സന്നദ്ധ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. കുട്ടികളെ ദേവാലയങ്ങളിൽ കൊണ്ടുപോകുന്നതിനും മതപരമായ അറിവ് നൽകുന്നതിനും വിലക്കേർപ്പെടുത്തിയ ചൈനയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘സിനിസൈസേഷൻ’ നയത്തിന്റെ ഭാഗമായി മതവിശ്വാസികളെ പൂർണമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലാക്കാനാണ് നീക്കം നടക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള ‘കത്തോലിക്കാ പാട്രിയോട്ടിക് അസോസിയേഷനിൽ’ ചേരാൻ വിശ്വാസികൾ നിർബന്ധിതരാകുകയാണ്.

മെത്രാന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2018 ൽ വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ കരാറിന് ശേഷം കത്തോലിക്കർക്ക് നേരെയുള്ള അടിച്ചമർത്തലുകൾ വർധിച്ചതായും പഠനം വ്യക്തമാക്കുന്നു.

ചൈനയിൽ നിന്ന് രക്ഷപ്പെട്ട ഒരു വിശ്വാസി ഹ്യൂമൻ റൈറ്റ്‌സ് വാച്ചിനോട് പങ്കുവെച്ച അനുഭവങ്ങൾ പീഡനത്തിന്റെ ആഴം വ്യക്തമാക്കുന്നു. പുറത്തുള്ളവർ അറിയാതിരിക്കാൻ പള്ളിയുടെ ജനലുകൾ അടച്ചിട്ടാണ് പ്രാർത്ഥനകൾ നടക്കുന്നത്. "ഞങ്ങൾ കള്ളന്മാരെപ്പോലെയാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത്" എന്നാണ് അദേഹം വെളിപ്പെടുത്തിയത്.

സാധാരണക്കാർക്ക് പങ്കെടുക്കാൻ കഴിയാത്ത സമയങ്ങളിലാണ് ഇപ്പോൾ ദിവ്യബലികൾ നടക്കുന്നത്. പ്രധാന തിരുനാളുകൾ ആഘോഷിക്കാൻ പോലും അനുവാദമില്ല. കുട്ടികളെ ദേവാലയങ്ങളിൽ പ്രവേശിപ്പിക്കാൻ അനുമതിയില്ല. സ്കൂളുകളിലും വീടുകളിലും പോലും കുട്ടികൾക്ക് മതപഠനം നൽകുന്നത് ചൈന തടയുകയാണ്.

മാതാപിതാക്കൾ കുട്ടികൾക്ക് മതപരമായ അറിവ് നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സ്കൂളുകൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് വിശ്വാസവുമായുള്ള ബന്ധം പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

'കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയിൽ' ചൈന ഒപ്പിട്ടിട്ടുണ്ടെങ്കിലും, മാതാപിതാക്കൾക്ക് അവരുടെ വിശ്വാസത്തിൽ മക്കളെ വളർത്താനുള്ള അവകാശം ചൈന ലംഘിക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.