വാഷിങ്ടണ്‍: ഇറാന്‍ സംഘര്‍ഷത്തെച്ചൊല്ലി മാര്‍പ്പാപ്പയോടുള്ള വെല്ലുവിളിയും സ്വയം യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ചതിലൂടെയുണ്ടായ വിവാദങ്ങള്‍ക്കുമിടയില്‍ പൊതു ബൈബിള്‍ പാരായണത്തില്‍ പങ്കെടുക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഏപ്രില്‍ 21 ന് വൈകുന്നേരം ആറിന് നടക്കുന്ന 'അമേരിക്ക റീഡ്സ് ദി ബൈബിള്‍' എന്ന പരിപാടിയുടെ ഭാഗമായാണ് ട്രംപ് ബൈബിള്‍ പാരായണത്തില്‍ പങ്കുചേരുന്നത്. ഓവല്‍ ഓഫീസില്‍ നിന്ന് വീഡിയോ സന്ദേശത്തിലൂടെ അദേഹം ബൈബിള്‍ വായനയില്‍ പങ്കെടുക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്, ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവരും ഈ വായനയില്‍ പങ്കുചേരും.
ബൈബിളിലെ രണ്ടാം ദിനവൃത്താന്തം ഏഴാം അധ്യായം 11 മുതല്‍ 22 വരെയുള്ള ഭാഗങ്ങളാണ് ട്രംപ് വായിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു. ഇതില്‍ ഉള്‍പ്പെടുന്ന 14-ാം വാക്യം ('എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ചു, എന്റെ മുഖം അന്വേഷിച്ചു') ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്.
2016 ലെ ട്രംപിന്റെ വിജയം ജനങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ദൈവത്തിന്റെ ഉത്തരമാണെന്ന് ആന്‍ ഗ്രഹാം ലോട്ട്‌സ് ഈ വാക്യവുമായി ബന്ധപ്പെടുത്തി പറഞ്ഞിരുന്നു. ട്രംപിന് വായിക്കാനായി ഈ പ്രത്യേക ഭാഗം സംഘാടകര്‍ നേരത്തെ തന്നെ മാറ്റി വെച്ചിരുന്നതാണ്.
ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്ത ലിയോ മാര്‍പാപ്പയെ ട്രംപ് പരസ്യമായി വിമര്‍ശിക്കുകയും താന്‍ മാര്‍പാപ്പയുടെ ആരാധകനല്ലെന്ന് പറയുകയും ചെയ്തിരുന്നു. ആണവായുധങ്ങള്‍ കൈവശം വെക്കുന്നത് ശരിയാണെന്ന് പറയുന്ന ഒരു മാര്‍പാപ്പയെ തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നായിരുന്നു ട്രംപിന്റെ പരിഹാസം.
കൂടാതെ, തന്നെ യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പോസ്റ്റ് ചെയ്തതിന് തന്റെ അനുയായികളില്‍ നിന്ന് തന്നെ അദേഹത്തിന് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ താന്‍ ഒരു ഡോക്ടറായിട്ടാണ് അഭിനയിച്ചതെന്നും താന്‍ ജനങ്ങളെ സുഖപ്പെടുത്തുന്ന ആളാണെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.