വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതായി യുഡിഎഫ് നേതാക്കള്‍; നിഷേധിച്ച് റിട്ടേണിങ് ഓഫീസര്‍: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതായി യുഡിഎഫ് നേതാക്കള്‍; നിഷേധിച്ച് റിട്ടേണിങ് ഓഫീസര്‍: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതായി പരാതി. ഇന്ന് രാവിലെ 11.30 നാണ് സ്ട്രോങ് റൂം തുറന്നത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

പിന്നാലെ പേരാമ്പ്ര റിട്ടേണിങ് ഓഫീസറെ നീക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സ്ട്രോങ് റൂമിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സ്ട്രോങ് റൂം തുറന്നതായുള്ള വാര്‍ത്തകള്‍ പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ നിഷേധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫറ്റ് വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്ന് അദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നത്. ഇലക്ട്രോണിക് വോട്ടിങ്് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ചിരിക്കുന്ന മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.

അതേസമയം സ്ട്രോങ് റൂമിന് സമീപത്തെ റൂം തുറക്കുന്നതായി റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിളിച്ചറിയിച്ചത്. ഒന്‍പത് മണിക്ക് എത്തണമെന്നാവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും മുറി തുറന്നുവെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.