ഹനോയ്: വിയറ്റ്നാം യുദ്ധകാലത്ത് ഹനോയ് ഹിൽട്ടൺ എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ തടങ്കൽ പാളയത്തിലെ അതിക്രൂരമായ പീഡനമുറികൾക്കിടയിൽ വിശ്വാസം കൊണ്ട് അതിജീവനത്തിന്റെ ചരിത്രം രചിച്ച ഒരു തടവുകാരന്റെ അനുഭവ സാക്ഷ്യം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രഭാത ഭക്ഷണത്തിന് ലഭിക്കുന്ന റൊട്ടിക്കഷണങ്ങൾ കൊണ്ട് രഹസ്യമായി ജപമാല നിർമ്മിച്ചിരുന്ന ഒരു മുതിർന്ന കത്തോലിക്കാ തടവുകാരന്റെ കഥ മുൻ തടവുകാരനായ ബില്ലാണ് ലോകത്തോട് പങ്കുവെച്ചത്.
ആൻഡ്രൂ ബിഗ്ഗിയോ എന്ന വ്യക്തി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ബില്ലിന്റെ വീഡിയോയിലൂടെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ വിശ്വാസ സാക്ഷ്യം വീണ്ടും ചർച്ചയാകുന്നത്. തനിക്ക് ലഭിക്കുന്ന പ്രഭാത ഭക്ഷണത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് റൊട്ടിക്കഷണങ്ങൾ ഉരുട്ടിയെടുത്താണ് അദേഹം ജപമാല മണികൾ ഉണ്ടാക്കിയിരുന്നത്. മഷിപ്പേന ഉപയോഗിച്ച് ഈ മണികൾക്ക് നിറം നൽകി. പുതപ്പിൽ നിന്ന് നൂലുകൾ വലിച്ചെടുത്ത് അവ കൂട്ടിപ്പിരിച്ചാണ് ജപമാലയ്ക്കുള്ള ചരട് നിർമ്മിച്ചത്.
ജയിലിലെ കർശന നിരീക്ഷണങ്ങളെ മറികടന്ന് പുതുതായി എത്തുന്ന തടവുകാർക്ക് മാനസികമായ കരുത്തേകാൻ ഈ ജപമാലകൾ അദേഹം അവരുടെ സെല്ലുകളിലേക്ക് രഹസ്യമായി എറിഞ്ഞുകൊടുക്കുമായിരുന്നു. ജയിലിൽ നിന്ന് മോചിതനാകുമ്പോൾ ഇത്തരമൊരു ജപമാല ബില്ലിന്റെ കൈവശമുണ്ടായിരുന്നു. പരിക്കേറ്റവരെയും രോഗികളെയും ആദ്യം വിട്ടയച്ച കൂട്ടത്തിൽ ബില്ലും ഉൾപ്പെട്ടിരുന്നു. അന്ന് കർശനമായ പരിശോധനകൾ ഇല്ലാതിരുന്നതിനാൽ വിയറ്റ്നാമിന് പുറത്തേക്ക് ഈ ‘അപ്പത്തിന്റെ ജപമാല’ എത്തിക്കാൻ അദേഹത്തിന് സാധിച്ചു.
ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ സമാനമായ മറ്റ് അനുഭവങ്ങളും പങ്കുവെക്കപ്പെടുന്നുണ്ട്. രണ്ടാം ലോകമഹാ യുദ്ധകാലത്ത് പോളണ്ടിലെ തടങ്കൽ പാളയങ്ങളിൽ വെച്ച് തന്റെ മുത്തശിയും ഇത്തരത്തിൽ റൊട്ടി കൊണ്ട് ജപമാല ഉണ്ടാക്കിയിരുന്നതായി ഒരു സ്ത്രീ കുറിച്ചു.
ഏറ്റവും ഇരുണ്ട സാഹചര്യങ്ങളിലും മനുഷ്യനെ നയിക്കുന്ന പ്രകാശമാണ് വിശ്വാസമെന്ന് ഈ ജപമാല ലോകത്തെ ഓർമ്മിപ്പിക്കുന്നു. “അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ” എന്ന പ്രാർത്ഥന തടവറയിൽ ഒരു പുതിയ അർത്ഥം കണ്ടെത്തുകയായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.