ചെന്നൈ/കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായിയാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
വടക്കന്‍, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ് ബംഗാളില്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്ന 152 സീറ്റുകള്‍. ശേഷിക്കുന്ന 142 മണ്ഡലങ്ങളില്‍ 29 നാണ് വോട്ടെടുപ്പ്. സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പശ്ചിമബംഗാള്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ, ഒന്നാം ഘട്ടത്തിന്റെ അവസാന അനുബന്ധ വോട്ടര്‍പട്ടിക തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ടിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച 19 ട്രിബ്യൂണലുകള്‍ അംഗീകരിച്ച പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് ചൊവ്വാഴ്ച രാത്രി വൈകി പ്രസിദ്ധീകരിച്ചത്. 294 സീറ്റുകളിലേക്ക് രണ്ട് ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക.
തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലേക്ക് 4,023 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇവരുടെ ഭാവി നിര്‍ണയിക്കാന്‍ 5,73,43,000 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. ഭരണത്തുടര്‍ച്ച ഉറപ്പാണെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വോട്ടെടുപ്പിന്റെ തലേന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്ത് കുടുംബ വാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറയുന്നത്. ഈ ഒരു ദിവസം താന്‍ പറയുന്നത് അനുസരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം വോട്ടര്‍മാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കാമെന്നാണ് ടി.വി.കെ നേതാവ് വിജയ് നല്‍കുന്ന വാഗ്ദാനം. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനമായിരിക്കും ബി.ജെ.പി ഇത്തവണ നടത്തുകയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു.
ഡി.എം.കെ. മുന്നണിയും അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യവും തമ്മിലാണ് മുഖ്യമത്സരമെങ്കിലും ആദ്യമായി ജനവിധി തേടുന്ന ടി.വി.കെയുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
ഭരണമുന്നണിയായ മതനിരപേക്ഷ ജനാധിപത്യ സഖ്യ(എസ്.പി.എ.)ത്തിനു നേതൃത്വം നല്‍കുന്ന ഡി.എം.കെ. 164 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളുടെ 11 സ്ഥാനാര്‍ഥികളും ഡി.എം.കെ. ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്(28), ഡി.എം.ഡി.കെ(10), വി.സി.കെ(8), സി.പി.എം(5), സി.പി.ഐ(5) എന്നിവയാണ് മുന്നണിയിലെ പ്രധാന കക്ഷികള്‍. എന്‍.ഡി.എയ്ക്കു നേതൃത്വം നല്‍കുന്ന അണ്ണാ ഡി.എം..െ 169 സീറ്റില്‍ മത്സരിക്കുമ്പോള്‍ സഖ്യകക്ഷികളായ ബി.ജെ.പി 27 സീറ്റിലും പി.എം.കെ 18 സീറ്റിലും എ.എം.എം.കെ. 11 സീറ്റിലും തമിഴ് മാനില കോണ്‍ഗ്രസ് അഞ്ച് സീറ്റിലും മത്സരിക്കുന്നു.
തമിഴക വെട്രി കഴകം മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയതുകാരണം എടപ്പാടി മണ്ഡലത്തില്‍ സ്വതന്ത്രനെ പിന്തുണയ്ക്കുകയാണ്. 234 സീറ്റിലും മത്സരിക്കുന്ന നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥികളില്‍ പകുതി വനിതകളാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കിയ വി.കെ ശശികല 77 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മകന്‍ അന്‍പുമണി രാംദാസുമായി ഇടഞ്ഞുനില്‍ക്കുന്ന പി.എം.കെ സ്ഥാപക നേതാവ് എസ്. രാംദാസിന്റെ അനുയായികള്‍ 35 സീറ്റില്‍ മത്സരിക്കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൊളത്തൂരില്‍നിന്ന് തുടര്‍ച്ചയായി നാലാം ജയമാണ് പ്രതീക്ഷിക്കുന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഇത്തവണയും ചെപ്പോക്ക്-ട്രിപ്ലിക്കന്‍ മണ്ഡലത്തില്‍ മത്സരിക്കുന്നു. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി തട്ടകമായ എടപ്പാടിയില്‍ മത്സരിക്കുമ്പോള്‍ ടി.വി.കെ അധ്യക്ഷന്‍ വിജയ് പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും ജനവിധി തേടുന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ സാത്തൂരിലും നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ കാരൈക്കുടിയിലും ഡി.എം.ഡി.കെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് വിരുദാചലത്തും ജനവിധി തേടുന്നു. കൂടാതെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ബോഡിനായ്ക്കന്നൂരില്‍ ഡി.എം.കെ ടിക്കറ്റിലാണ് മത്സരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.