ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അധിക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ പരാമര്‍ശങ്ങള്‍ അസ്ഥാനത്തുള്ളതും അനുചിതവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിവാദമായ ഒരു കുറിപ്പ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ 'നരക കുഴികള്‍' എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു പോസ്റ്റ്. ട്രംപിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെ തന്നെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.
ആ പരാമര്‍ശങ്ങള്‍ തികച്ചും അവിവേകവും അനുചിതവുമാണ്. പരസ്പര ബഹുമാനത്തിലും പങ്കിട്ട താല്‍പര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യു.എസ് ബന്ധത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ല ഇത്തരം വാക്കുകളെന്ന് അദേഹം പറഞ്ഞു. പിന്നീട് യു.എസ് എംബസി നല്‍കിയ വിശദീകരണം ശ്രദ്ധയില്‍പ്പെട്ടതായും അദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദം ശക്തമായതോടെ യു.എസ് എംബസി വിശദീകരണവുമായി രംഗത്തെത്തി. ട്രംപ് ഇന്ത്യയെ ഒരു മഹത്തായ രാജ്യമായാണ് കാണുന്നതെന്നും ഇന്ത്യയുടെ ഭരണത്തലവന്‍ തന്റെ നല്ല സുഹൃത്താണെന്ന് അദേഹം വിശ്വസിക്കുന്നുണ്ടെന്നും എംബസി വക്താവ് അറിയിച്ചു. ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിന്നുള്ള കടുത്ത ചോദ്യങ്ങളെ തുടര്‍ന്നായിരുന്നു തിരുത്തല്‍ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.