'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണം'; രാജ്യസഭാ സെക്രട്ടറി ജനറലിന് 73 പ്രതിപക്ഷ എംപിമാരുടെ നോട്ടീസ്

'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണം'; രാജ്യസഭാ സെക്രട്ടറി ജനറലിന്  73 പ്രതിപക്ഷ എംപിമാരുടെ നോട്ടീസ്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, ടി.എം.സി നേതാവ് സാഗരിക ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ 73 എംപിമാരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതില്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് ഗ്യാനേഷ് കുമാറിനെതിരെയുള്ള ആരോപണം. ബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

2026 മാര്‍ച്ച് 15 ന് ശേഷമുള്ള പ്രവര്‍ത്തനങ്ങളും വീഴ്ചകളും നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാര്‍ സമര്‍പ്പിച്ച സമാനമായ നോട്ടീസുകള്‍ അതത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം.

ഇതാദ്യമായാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുന്നത്. 50 അംഗങ്ങളുടെ ഒപ്പാണ് ഇതിനായി വേണ്ടത്. എന്നാല്‍ 73 രാജ്യസഭാ എം.പിമാര്‍ നോട്ടീസില്‍ ഒപ്പിട്ടുണ്ട്.

കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ, എസ്.പി, ശിവസേന (യു.ബി.ടി) ഇടതു പാര്‍ട്ടികള്‍, എന്‍.സി.പി (എസ്.പി), ആര്‍.ജെ.ഡി, ഐ.യു.എം.എല്‍ കൂടാതെ സമാന ചിന്താഗതിയുള്ള മറ്റ് പാര്‍ട്ടികളിലെ അംഗങ്ങളും നോട്ടീസില്‍ ഒപ്പിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.