മെഡിസെപ്പ് രണ്ടാം ഘട്ടത്തില്‍ വ്യാപക പരാതി; കരാര്‍ റദ്ദാക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് ധനമന്ത്രിയുടെ മുന്നറിയിപ്പ്

മെഡിസെപ്പ് രണ്ടാം ഘട്ടത്തില്‍ വ്യാപക പരാതി; കരാര്‍ റദ്ദാക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് ധനമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വ്യാപകമായ പരാതികള്‍. ഇതോടെ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

അര്‍ഹമായ ക്ലെയിമുകള്‍ നിരസിച്ചും പരാതികളില്‍ നടപടിയെടുക്കാതെയും ഇന്‍ഷുറന്‍സ് കമ്പനി ഗുണഭോക്താക്കളെ വലയ്ക്കുന്നതായാണ് പരാതി. രണ്ടാം ഘട്ടത്തിലും ഓറിയന്റല്‍ ഇന്‍ഷുറന്‍സിനാണ് പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്‍ഷുറന്‍സ് കമ്പനി വ്യാപകമായി ക്ലെയിമുകള്‍ നിരസിക്കാന്‍ തുടങ്ങിയെന്നാണ് ആക്ഷേപം.

കണ്ണൂരില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജീവനക്കാരന് 3.86 ലക്ഷം രൂപയുടെ ബില്ലില്‍ കേവലം 1.65 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. മുന്‍പ് സമാന ചികിത്സകള്‍ക്ക് മൂന്നര ലക്ഷം രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചര്‍ച്ച ചെയ്യാന്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതി ലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. വൈകാതെ കമ്പനി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഉന്നതതല യോഗം വിളിക്കാനാണ് തീരുമാനം.

കൂടാതെ ചികിത്സാ രേഖകള്‍ പരിശോധിക്കാന്‍ മറ്റ് രണ്ട് സ്വകാര്യ ഏജന്‍സികളെ ഇന്‍ഷുറന്‍സ് കമ്പനി ചുമതലപ്പെടുത്തിയത് വിവര ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന ഗൗരവകരമായ ആരോപണവും നിലനില്‍ക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.