തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ഒരു മരണം കൂടി; മരണസംഖ്യ 17 ആയി

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ഒരു മരണം കൂടി; മരണസംഖ്യ 17 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഒരു മരണം കൂടി. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്നു. തൃശൂരിലെ പുലികളി കലാകാരന്മാരിൽ പ്രമുഖനായിരുന്നു രാകേഷ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 17 ആയി.

13 പേരുടെ മൃതദേഹങ്ങൾ ഇതിനകം തിരിച്ചറിഞ്ഞു. ഇനിയുടെ തിരിച്ചറിയാനികാത്ത മൃതദേഹ അവശിഷ്ടങ്ങളുണ്ട്. ഇന്നലെയും ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്.

ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 34 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയത്.

വെടിക്കെട്ട് അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും അന്വേഷണ ചുമതല ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് ആയിരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

അതേസമയം വെടിക്കെട്ട് അപകടം ചൂട് കാരണമല്ലെന്നായിരുന്നു പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് സംശയമുണ്ടെന്നും പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നു‌മാണ് പെസോ വിലയിരുത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.