ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തില്‍ മുട്ടുവിറച്ച ബിജെപി സര്‍ക്കാര്‍ ജെന്‍സിയെ പാട്ടിലാക്കാന്‍ പുതിയ തന്ത്രം മെനയുമ്പോള്‍ പുതുതലമുറയുടെ രാഷ്ട്രീയ തിരിച്ചറിവിനെ തങ്ങള്‍ക്കനുകൂലമാക്കാന്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും കളത്തിലിറങ്ങുന്നു.
വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഒരു ദിവസം ഒരു സര്‍വകലാശാലയെങ്കിലും സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കുന്ന പരിപാടി സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
ഒരു ദിവസം ഒരു സര്‍വകലാശാല എന്ന തരത്തിലായിരിക്കും പരിപാടി. വിദ്യാര്‍ഥികളുടെ അഭിപ്രായം കേള്‍ക്കാനും രാജ്യത്തെ വിവിധ വിഷയങ്ങളില്‍ അവരുടെ അഭിപ്രായം ആരായുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിക്കുക എന്നതും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാല് നഗരങ്ങളില്‍ ഇതിനകം നടത്തിയ 'ഛാത്രോം കീ ഗൂഞ്ച്' രാജ്യത്തെ 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. നാല് നഗരങ്ങളിലും പങ്കെടുത്ത വിദ്യാര്‍ഥികളുടെ എണ്ണവും അവരുടെ പ്രതികരണവുമാണ് പരിപാടി രാജ്യ വ്യാപകമാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ മന്ത്രിമാരുടെ ഡിജിറ്റല്‍ പ്രകടനം സംബന്ധിച്ച 'റിപ്പോര്‍ട്ട് കാര്‍ഡ്' അവതരിപ്പിച്ചു. ഡിജിറ്റല്‍ പ്രകടന പട്ടികയില്‍ മോഡിയാണ് ഒന്നാം സ്ഥാനത്ത്. 2026 മെയ് ഒന്നു മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള മൂന്നര മാസക്കാലത്തെ പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടിനായി പരിശോധിച്ചത്.
ഇന്‍സ്റ്റഗ്രാം, എക്സ്, ഫെയ്‌സ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലെ മന്ത്രിമാരുടെ പ്രകടനമാണ് വിലയിരുത്തിയത്. ഓരോ ദിവസവും പങ്കുവെക്കുന്ന പോസ്റ്റുകളുടെ ശരാശരി എണ്ണം, ലഭിക്കുന്ന ലൈക്കുകള്‍, ഫോളോവേഴ്‌സിന്റെ എണ്ണം, ഓരോ പോസ്റ്റിനും ലഭിക്കുന്ന പ്രതികരണങ്ങള്‍, ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിങ്.
യുവാക്കളുമായി സംവദിക്കാനും പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സജീവമാകാനും മോഡി മന്ത്രിമാരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ റിപ്പോര്‍ട്ട് വിലയിരുത്തുകയും മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.