ഓപ്പറേഷന്‍ കെ.ബി കാര്‍ട്ടല്‍: സംസ്ഥാനം കണ്ട ഏറ്റവും വലിയ ലഹരി വേട്ട; അതിര്‍ത്തികള്‍ താണ്ടി എക്സൈസിന്റെ സിനിമാറ്റിക് ചേസ്

ഓപ്പറേഷന്‍ കെ.ബി കാര്‍ട്ടല്‍: സംസ്ഥാനം കണ്ട ഏറ്റവും വലിയ ലഹരി വേട്ട; അതിര്‍ത്തികള്‍ താണ്ടി എക്സൈസിന്റെ സിനിമാറ്റിക് ചേസ്

കോഴിക്കോട്: കേരളത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ സിന്തറ്റിക് ലഹരി വേട്ടയില്‍, മലബാര്‍ മേഖലയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് ഒഴുക്കിയിരുന്ന കെ.ബി കാര്‍ട്ടല്‍ ലഹരി സംഘത്തെ എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം തകര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേരുകളുള്ള ഈ അന്തര്‍ സംസ്ഥാന ശൃംഖലയെ പിടികൂടാന്‍ സിനിമകളെ വെല്ലുന്ന അതീവ സാഹസികമായ നീക്കങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 23 ന് കോഴിക്കോട് പന്തീരംകാവ് ടോള്‍ പ്ലാസയില്‍ വെച്ച് മൂന്നരക്കിലോ എംഡിഎംഎയുമായി അടിവാരം സ്വദേശി ഫാത്തിമ നസ്രിന്‍, മലപ്പുറം സ്വദേശി പി.കെ ഷഫീഖ് എന്നിവര്‍ പിടിയിലായതോടെയാണ് ഓപ്പറേഷന് തുടക്കമായത്. കേസ് അവിടെ അവസാനിപ്പിക്കാതെ, പിടിച്ചെടുത്ത രാസലഹരിയുടെ ഉറവിടം തേടി എക്സൈസ് സംഘം നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് വന്‍ മാഫിയയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പന്തീരംകാവിലെ അറസ്റ്റ് വിവരമറിഞ്ഞ് പ്രതികള്‍ രാജസ്ഥാനില്‍ നിന്ന് പശ്ചിമ ബംഗാളിലെ സിലിഗുഡി വഴി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എക്സൈസ് സംഘം ബംഗാളിലെത്തി അതിസാഹസികമായി അഞ്ചാം പ്രതി ഹിരണ്‍, ആറാം പ്രതി ആരോമല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരാണ് എംഡിഎംഎ മൊത്തമായി എത്തിച്ച് നല്‍കിയിരുന്നത്. കേസിലെ ഏഴാം പ്രതിയായ തമിഴ്നാട് സ്വദേശിനി റംസിയെ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം വേഷപ്രച്ഛന്നരായി പോയാണ് തെങ്കാശിയില്‍ വെച്ച് വലയിലാക്കിയത്.

കാര്‍ട്ടല്‍ തലവനായ മലപ്പുറം സ്വദേശി ബിലാല്‍ എന്ന മുഹമ്മദ് മുസ്തഫയെ പിടികൂടാനായി എക്സൈസ് നടത്തിയ നീക്കങ്ങള്‍ അതീവ നാടകീയമായിരുന്നു. ഗോവയിലെ മഡ്ഗോവയില്‍ ഇയാളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യമറിഞ്ഞ് ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ വിടാതെ പിന്തുടര്‍ന്ന അന്വേഷണ സംഘം ഒടുവില്‍ മഹാരാഷ്ട്രയിലെ കങ്കാവിലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ബിലാലിനെ കീഴ്പ്പെടുത്തുകയായിരുന്നു. മുന്‍പും രണ്ട് വലിയ കൊമേര്‍ഷ്യല്‍ എന്‍ഡിപിഎസ് കേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു ഇയാള്‍. ഷഫീഖും ബിലാലും നേരിട്ട് ജയ്പുരില്‍ പോയി പദ്ധതി തയ്യാറാക്കിയാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്.

കേരളത്തില്‍ ലഹരി വിതരണം ചെയ്തിരുന്ന പ്രധാനിയായ ഉമര്‍ ഫാറൂഖ്, ശൃംഖലയിലെ മറ്റ് കണ്ണികളായ കോഴിക്കോട് സ്വദേശി നൗഷാദ്, മഹാരാഷ്ട്ര സ്വദേശി സന്ദേഷ് മോഹന്‍ വാള്‍ക്കെ എന്നിവരും കേസിലെ സുപ്രധാന പ്രതികളാണ്. പ്രതികള്‍ ഒളിവില്‍ പോകുന്നത് തടയാന്‍ എക്സൈസ് അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയതെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പോലും പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്തത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.

കേസില്‍ ഇനി പിടിയിലാകാനുള്ള പ്രധാന പ്രതിയായ നൈജീരിയന്‍ പൗരന്‍ ഇമ്മാനുവല്‍ അഫാം ഉള്‍പ്പെടെ രണ്ട് പേര്‍ക്കായി ഉടന്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.