വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ ലോക സമാധാന സന്ദേശങ്ങള്‍ക്ക് വിഘാതമാകരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. നിയുക്ത കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് സാറ മുള്ളാലിയുടെ നേതൃത്വത്തിലുള്ള ആംഗ്ലിക്കന്‍ പ്രതിനിധി സംഘത്തിന് വത്തിക്കാനില്‍ സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദേഹം.
സന്ദര്‍ശനത്തിനിടെ ഇരുവരും സ്വകാര്യ ചര്‍ച്ചകള്‍ നടത്തുകയും വത്തിക്കാന്‍ ചാപ്പലില്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ സംയുക്ത പ്രാര്‍ത്ഥന ഐക്യത്തിന്റെ ശക്തമായ പ്രതീകമായാണ് കാണപ്പെടുന്നത്. തങ്ങളുടെ സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള പരസ്പര ബഹുമാനവും പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുമെന്ന സൂചനയും ഇതിലൂടെ അവര്‍ നല്‍കി. ഏകദേശം 8.5 കോടി അംഗങ്ങളുള്ള ആഗോള ആംഗ്ലിക്കന്‍ സമൂഹത്തിന്റെ നേതൃത്വം അടുത്തിടെ ഏറ്റെടുത്ത ആര്‍ച്ച് ബിഷപ്പ് മള്ളാലി, ആഗോള നീതി, സമാധാനം, മാനുഷിക ഐക്യം എന്നിവയില്‍ മാര്‍പ്പാപ്പ നല്‍കുന്ന ശക്തമായ സന്ദേശങ്ങളെ പ്രശംസിക്കുകയും ചെയ്തു.
അതേസമയം ഇരു സഭകളും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായ പുരോഗതിയെ മാര്‍പാപ്പ അംഗീകരിക്കുമ്പോഴും പ്രധാനപ്പെട്ട ദൈവ ശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. ആംഗ്ലിക്കന്‍ സഭ അംഗീകരിച്ചിട്ടുള്ളതും എന്നാല്‍ കത്തോലിക്കാ സഭയില്‍ അനുവദനീയമല്ലാത്തതുമായ സ്ത്രീകളുടെ പൗരോഹിത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇപ്പോഴും തര്‍ക്ക വിഷയങ്ങളായി തുടരുകയാണ്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ചര്‍ച്ചകളും സഹകരണവും തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും വിലയിരുത്തി.

വിഭജനങ്ങള്‍ സമാധാനവും പൊതുനന്മയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രൈസ്തവ ദൗത്യത്തിന് തടസമാകരുത് എന്നും ലിയോ പതിനാലാമന്‍ പ്രസ്താവിച്ചു. വലിയ ഐക്യത്തിനായി പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രതിബദ്ധത അദേഹം ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഒപ്പം അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോള്‍ ആറാമന്‍ മാര്‍പാപ്പായും ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ റാംസിയും തമ്മില്‍ നടത്തിയ ചരിത്ര പ്രധാനമായ കൂടിക്കാഴ്ചയെയു പാപ്പാ അനുസ്മരിച്ചു. റോമിലെ ആംഗ്ലിക്കന്‍ സെന്റര്‍ നല്‍കി വരുന്ന വിലപ്പെട്ട സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച പാപ്പ, ഇരുസഭകളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ഊഷ്മളമായി തുടരുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ചു.
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യന്മാര്‍ക്ക് നല്‍കിയ സമാധാനം വെറുമൊരു ആശംസയല്ല, മറിച്ച് വലിയൊരു ദൗത്യമാണെന്നും ലിയോ പതിനാലാമന്‍ ഓര്‍മ്മിപ്പിച്ചു. കര്‍ത്താവിന്റെ സമാധാനം നിരായുധമാണ്. വിനീതമായ സാക്ഷ്യത്തിലൂടെ ആ സമാധാനത്തിന്റെ പ്രവാചകരാകാന്‍ ക്രിസ്ത്യാനികള്‍ക്ക് കടമയുണ്ട്. ലോകം ഇന്ന് പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ സഭകള്‍ തമ്മിലുള്ള അനൈക്യം സുവിശേഷത്തിന്റെ ശക്തി കുറയ്ക്കുന്നുവെന്നും വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സഭകള്‍ തമ്മിലുള്ള പൂര്‍ണ തോതിലുള്ള ഐക്യം സങ്കീര്‍ണമാണെന്ന യാഥാര്‍ത്ഥ്യവും അദേഹം സമ്മതിച്ചു. ചരിത്രപരമായ പല തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടെങ്കിലും സമീപകാലത്ത് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നത് ഐക്യത്തിനായുള്ള യാത്രയെ കൂടുതല്‍ ദുഷ്‌കരമാക്കുന്നുമുണ്ട്. എങ്കിലും ഈ പ്രതിസന്ധികള്‍ സുവിശേഷം അറിയിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കരുത്. സംഭാഷണങ്ങളിലൂടെയും സൗഹൃദത്തിലൂടെയും പരിശുദ്ധാത്മാവിന്റെ വഴിയിലൂടെ ഒരുമിച്ച് മുന്നേറണമെന്നും മാര്‍പാപ്പാ ആഹ്വാനം ചെയ്തു.
കത്തോലിക്കാ-ആംഗ്ലിക്കന്‍ സഭകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇത്തരം കൂടിക്കാഴ്ചകള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ഇരുവരും ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.