പശ്ചിമേഷ്യയില്‍ അമേരിക്ക യുദ്ധതന്ത്രം മാറ്റുന്നു; നേരിട്ടുള്ള ആക്രമണത്തിന് പകരം കടുത്ത ഉപരോധത്തിലൂടെ ഇറാനെ വരിഞ്ഞ് മുറുക്കി വരുതിയിലാക്കാന്‍ ശ്രമം

പശ്ചിമേഷ്യയില്‍ അമേരിക്ക യുദ്ധതന്ത്രം മാറ്റുന്നു; നേരിട്ടുള്ള ആക്രമണത്തിന് പകരം കടുത്ത ഉപരോധത്തിലൂടെ ഇറാനെ വരിഞ്ഞ് മുറുക്കി വരുതിയിലാക്കാന്‍ ശ്രമം

ടെഹ്‌റാന്‍: ഇറാനെ സാമ്പത്തികമായി ഞെരുക്കി വരുതിയിലാക്കാനുള്ള പുതിയ നീക്കവുമായി അമേരിക്ക. ഇതിന്റെ ഭാഗമായി ഇറാനെതിരായ ഉപരോധം ലംഘിക്കാന്‍ സഹായിച്ച 35 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി.

ഇറാന്റെ 'ഷാഡോ ബാങ്കിങ്' ശൃംഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ് ട്രഷറി വകുപ്പിന്റെ നടപടി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപരോധങ്ങള്‍ മറികടക്കാനുമായി കോടിക്കണക്കിന് ഡോളര്‍ കൈമാറാന്‍ ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.

ഇറാന്റെ മുഖ്യ സായുധ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐആര്‍ജിസി) അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സഹായം നല്‍കുന്ന ശൃംഖലകളെയാണ് ലക്ഷ്യമിടുന്നത്. അനധികൃത എണ്ണ വില്‍പനയിലൂടെ പണം സ്വീകരിക്കുന്നതിനും മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിനും ഈ ശൃംഖല സഹായിച്ചിരുന്നുവെന്ന് അമേരിക്ക ആരോപിക്കുന്നു.

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി ഇറാന്‍ സര്‍ക്കാരിനോ ഐആര്‍ജിസിക്കോ ടോള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ സൈന്യത്തിന് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ ഈ 'ഷാഡോ ബാങ്കിങ്' സംവിധാനം വലിയ പങ്കുവഹിക്കുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കുറ്റപ്പെടുത്തി. ഇത് മധ്യേഷ്യയിലെ സമാധാനം തകര്‍ത്തുവെന്നും അദേഹം കുറ്റപ്പെടുത്തി.

ഉപരോധം ഏര്‍പ്പെടുത്തിയതോടെ പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടും. അവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെയും സ്ഥാപനങ്ങളെയും വിലക്കുകയും ചെയ്യും.

കൂടാതെ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം കൂടുതല്‍ കടുപ്പിക്കാനും ട്രംപ് നിര്‍ദേശം നല്‍കി. ശക്തമായ ഉപരോധം ദീര്‍ഘ കാലത്തേക്ക് നീട്ടി ഇറാനെ സാമ്പത്തികമായി കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ലക്ഷ്യം. ഹോര്‍മുസിലൂടെയുള്ള ഇറാന്റെ എണ്ണ നീക്കങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് അവരുടെ എണ്ണ വരുമാനത്തെ നേരിട്ട് ബാധിക്കുന്നുണ്ട്.

എണ്ണ കയറ്റുമതിയില്‍ വലിയ കുറവുണ്ടായതോടെ അതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സമീപകാല വിലയിരുത്തലുകള്‍ പ്രകാരം ഇറാന് ഇനി രണ്ടാഴ്ചത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമാണുള്ളത്.

കയറ്റുമതി തടയപ്പെടുകയും ഉല്‍പാദനം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, എണ്ണ സംഭരിക്കാന്‍ ഇടമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇറാന്‍. സംഭരണ കേന്ദ്രങ്ങള്‍ നിറയുന്നതോടെ എണ്ണ  ഉല്‍പാദനം  കുറയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരാകും, ഇത് എണ്ണ വില്‍പനയെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ വരുമാനത്തെ തകര്‍ക്കും.

നേരിട്ടുള്ള സൈനിക ആക്രമണത്തേക്കാള്‍ ഇറാനെ തകര്‍ക്കാന്‍ ഇത്തരം നീക്കങ്ങളിലൂടെ സാധിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.