ക്രിസ്തുമതം പ്രചരിപ്പിച്ചെന്ന് പരാതി; മൂന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിടാന്‍ നോട്ടീസ്

ക്രിസ്തുമതം പ്രചരിപ്പിച്ചെന്ന് പരാതി;  മൂന്ന് അമേരിക്കന്‍  പൗരന്മാര്‍ക്ക് ഇന്ത്യ വിടാന്‍ നോട്ടീസ്

പൂനെ: ക്രിസ്തുമതം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മൂന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിടാന്‍ പൂനെ പൊലീസ് നോട്ടീസ് നല്‍കി. 2026 മെയ് 10 നകം രാജ്യം വിടാനാണ് നിര്‍ദേശം. ഇവര്‍ ഏപ്രില്‍ 19 നും 21 നും ഇടയില്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പേരും വിസ വിഭാഗത്തില്‍ അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മതപരമായ വസ്തുക്കള്‍ വിതരണം ചെയ്യുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി പ്രദേശവാസികളുമായി ഇടപഴകുകയും ചെയ്തതായി പൂനെ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി മതപരമായ പ്രസംഗത്തിലും പഠിപ്പിക്കലിലും ഏര്‍പ്പെട്ടതിലൂടെ വിസ വ്യവസ്ഥകള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

ഏപ്രില്‍ 27 ന് പൂനെയിലെ ശുക്രവാര്‍ പേത്ത് പ്രദേശത്ത് ഒരു സ്വകാര്യ ക്യാബ് ഡ്രൈവറെ സമീപിച്ച് മൂവരും ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളിലുള്ള ലഘുലേഖകള്‍ നല്‍കിയതായി പറയപ്പെടുന്നു. ഇക്കാര്യം ക്യാബ് ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

തുടര്‍ന്ന് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളുടെ മത വിശ്വാസങ്ങളെക്കുറിച്ച് ഇതര മതസ്ഥനായ വ്യക്തിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.