ലണ്ടനിൽ ജൂതവംശജർക്ക് നേരെ കത്തിവീശി അക്രമി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്

ലണ്ടനിൽ ജൂതവംശജർക്ക് നേരെ കത്തിവീശി അക്രമി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്

ലണ്ടൻ: വടക്കു പടിഞ്ഞാറൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ ജൂതവംശജർക്ക് നേരെ നടന്ന വധശ്രമത്തെ ഭീകരാക്രമണമായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പൊലീസ്. ബുധനാഴ്ച രാവിലെ ജൂത ഭൂരിപക്ഷ പ്രദേശമായ ഗോൾഡേഴ്സ് ഗ്രീൻ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ജൂതവിഭാഗത്തിൽപ്പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ 45 വയസുകാരനായ സൊമാലിയൻ വംശജനായ ബ്രിട്ടീഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കത്തിയുമായി ജനങ്ങൾക്കിടയിലേക്ക് ചാടിവീണ പ്രതിയെ ടേസർ ഗൺഉപയോഗിച്ചാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ആക്രമണത്തിൽ 34-ഉം 76-ഉം വയസുള്ള രണ്ട് ജൂതവംശജർക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ബ്രിട്ടനിൽ അടുത്തകാലത്തായി ജൂതർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ഇസ്രായേൽ സർക്കാർ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സിനഗോഗുകൾക്കും ആംബുലൻസുകൾക്കും നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് വരുന്ന ബ്രിട്ടനിലെ ജൂതസമൂഹം വലിയ ഭീതിയിലാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങൾ കണ്ടെത്താൻ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങൾ പൊലീസ് കർശനമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.