സിഡ്നി: ലോകത്തെ നടുക്കിയ ബോണ്ടി ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ നിയോഗിച്ച റോയൽ കമ്മീഷൻ തങ്ങളുടെ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഗവർണർ ജനറൽ സാം മോസ്റ്റിനാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറിയത്.
രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ള 14 പ്രധാന ശുപാർശകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി കൂടുതൽ ശക്തവും ഏകീകൃതവുമായ തോക്ക് നിയമങ്ങൾ നടപ്പിലാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദേശീയതലത്തിൽ ഒരു മുഴുവൻ സമയ കൗണ്ടർ-ടെററിസം കോർഡിനേറ്ററെ നിയമിക്കണം. ജൂത സമൂഹത്തിനായുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഹേറ്റ് ഇന്റലിജൻസ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും വേണം. ആകെ 14 ശുപാർശകളിൽ അഞ്ചെണ്ണം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. നിലവിലുള്ള കേസുകളെയും രഹസ്യ വിവരങ്ങളെയും ബാധിക്കുമെന്നതിനാലാണിത്.
ബോണ്ടി ആക്രമണം തടയുന്നതിൽ നിയമപരമായോ നിയന്ത്രണപരമായോ വലിയ വീഴ്ചകൾ കണ്ടെത്താനായിട്ടില്ലെന്ന് കമ്മീഷണർ വർജീനിയ ബെൽ വ്യക്തമാക്കി. എങ്കിലും ഭാവിയിലെ സുരക്ഷ ഉറപ്പാക്കാൻ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇടക്കാല റിപ്പോർട്ടിലെ ശുപാർശകളെ പ്രധാനമന്ത്രി ആന്റണി ആൽബനീസ് സ്വാഗതം ചെയ്തു. കോമൺവെൽത്തുമായി ബന്ധപ്പെട്ട എല്ലാ ശുപാർശകളും സർക്കാർ അംഗീകരിക്കുമെന്ന് അദേഹം അറിയിച്ചു. ഏകീകൃത തോക്ക് നിയമം നടപ്പിലാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായും ടെറിറ്ററികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു. അതേസമയം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.