'ആണവ-മിസൈല്‍ പദ്ധതികള്‍ രാജ്യത്തിന്റെ ദേശീയ സ്വത്ത്; വെള്ളം, വായു എന്നിവ പോലെ സംരക്ഷിക്കും': ട്രംപിന് മറുപടിയുമായി മുജ്താബ ഖൊമേനി

'ആണവ-മിസൈല്‍ പദ്ധതികള്‍ രാജ്യത്തിന്റെ  ദേശീയ സ്വത്ത്; വെള്ളം, വായു എന്നിവ പോലെ സംരക്ഷിക്കും': ട്രംപിന് മറുപടിയുമായി മുജ്താബ ഖൊമേനി

ടെഹ്റാന്‍: ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കുമെന്നും അത് രാജ്യത്തിന്റെ ദേശീയ സ്വത്താണെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്താബ ഖൊമേനി. ഇറാന്‍ ആണവ-മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് മറുപടിയായിട്ടാണ് മുജ്താബ ഖൊമേനിയുടെ പ്രസ്താവന.

'രാജ്യത്തിനകത്തും പുറത്തമുള്ള ഇറാനികള്‍ രാജ്യത്തിന്റെ ആണവ-മിസൈല്‍ കഴിവുകളെ തങ്ങളുടെ ദേശീയ സ്വത്തായാണ് കാണുന്നത്. വെള്ളം, ഭൂമി, വായു അതിര്‍ത്തികള്‍ എന്നിവ പോലെ തന്നെ ആ കഴിവുകളേയും സംരക്ഷിക്കും'- പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖൊമേനി വ്യക്തമാക്കി.

പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ സുരക്ഷ ഉറപ്പാക്കും. ഈ ജലപാത ശത്രുക്കള്‍ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കും. മേഖലയിലെ മുസ്ലിം രാഷ്ട്രങ്ങള്‍ക്കും പ്രത്യേകിച്ച് ഇറാനിയന്‍ ജനതയ്ക്കും ദൈവത്തിന്റെ അമൂല്യമായ അനുഗ്രഹങ്ങളില്‍ ഒന്നാണ് പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ എന്ന സമ്മാനമെന്നും പ്രസ്താവനയില്‍ അദേഹം പറഞ്ഞു.

ഹോര്‍മുസ് അടങ്ങുന്ന ഈ തന്ത്രപരമായ സ്വത്ത് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പല ദുഷ്ടശക്തികളും നോട്ടമിട്ടിട്ടുണ്ട്. ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സമീപകാല ആക്രമണങ്ങള്‍.

'പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍ നിന്ന് അഹങ്കാരികളായ ശക്തികളുടെ കൈകള്‍ വെട്ടിമാറ്റുകയുണ്ടായി. അമേരിക്കയുടെ നാണം കെട്ട പരാജയത്തിന് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഹോര്‍മുസ് കടലിടുക്കിനും ഒരു പുതിയ അധ്യായം തുറക്കുകയാണെന്നും ഖൊമേനി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന്റെ പുതിയ നിയമപരമായ ചട്ടക്കൂടുകളും മാനേജ്‌മെന്റും മേഖലയിലെ എല്ലാ ജനതയ്ക്കും ആശ്വാസവും പുരോഗതിയും കൊണ്ടു വരും. അതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്നും പ്രസ്താവനയില്‍ മുജ്താബ ഖൊമേനി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.