ഇറാനിലെ ഗാര്‍ച്ചക് ജയില്‍.
ജനീവ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രയേലുമായി യുദ്ധം തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇറാനില്‍ 21 പേരുടെ വധശിക്ഷ നടപ്പാക്കിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവകാശ വിഭാഗം.
നാലായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്‌തെന്നും ഓഫീസ് ഓഫ് ദ ഹൈക്കമ്മിഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഒ.എച്ച്.സി.എച്ച്.ആര്‍) പറഞ്ഞു. വിലക്കയറ്റത്തിനെതിരേ ഇക്കൊല്ലം ജനുവരിയില്‍ ഇറാനിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഒന്‍പത് പേരെ തൂക്കിലേറ്റിയത്. ഭരണകൂട വിരുദ്ധ സംഘടനകളിലെ അംഗത്വത്തിന്റെ പേരില്‍ 10 പേരെയും ചാരവൃത്തിക്കുറ്റത്തിന് രണ്ട് പേരെയും വധ ശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് ഒ.എച്ച്.സി.എച്ച്.ആര്‍. പറഞ്ഞു.
ജയിലുകളില്‍ ക്രൂര പീഡനങ്ങളും നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കലും നടക്കുന്നുണ്ട്. 2012 ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സഖറോവ് മനുഷ്യാവകാശ സമ്മാനം ലഭിച്ച അഭിഭാഷകന്‍ നസ്രിന്‍ സൊതൗദേഹ് ഉള്‍പ്പെടെ ഒട്ടേറെ തടവുകാരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി.
തടവറകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമേറെ പേര്‍ ഇപ്പോഴുണ്ട്. ഇവര്‍ക്ക് ആഹാരം, വെള്ളം, മരുന്ന് തുടങ്ങിയവയ്ക്ക് കടുത്ത ദൗര്‍ലഭ്യമാണ്. ആഹാര വിതരണം മുടങ്ങിയതിന്റെ പേരില്‍ മാര്‍ച്ച് 18 ന് ചാബഹാര്‍ ജയിലിലെ തടവുകാര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവരില്‍ അഞ്ച് പേരെ സുരക്ഷാ സേന വധിച്ചെന്നും 21 പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റെന്നും ഒ.എച്ച്.സി.എച്ച്.ആര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.